കാൽനട പോലും ദുസ്സഹമായിഉണുപ്പംകല്ല് - കുണ്ടൂച്ചി റോഡ്

എന്ത് വിധിയിത്... വല്ലാത്ത ചതിയിത്

എരിഞ്ഞിപ്പുഴ : അഞ്ച് വർഷമായി തുടരുന്ന കഷ്ടപ്പാടാണ്. റോഡ് നിർമാണം തുടങ്ങിയതിന് ശേഷം സ്വന്തം വാഹനങ്ങൾ വീട്ടിലെത്തിക്കാനാവാതെ അന്യവീടുകളിലാണ് പാർക്ക് ചെയ്യുന്നത്. അസുഖം ബാധിച്ചവരെ അതിസാഹസികമായാണ് ആസ്പത്രിയിലെത്തിക്കുന്നത്.

കുണ്ടൂച്ചിക്കാരിങ്ങനെ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കരാറുകാരനും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും കൈമലർത്തുന്നു. മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടും രക്ഷയില്ല. ഉണുപ്പംകല്ല്-കുണ്ടൂച്ചി റോഡ് ദിവസം പോകും തോറും കൂടുതൽ ദുർഘടമാവുകയാണ്. മഴ പെയ്താൽ ചെളി, വെയിൽ വന്നാൽ പൊടി ഇതനുഭവിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി.

റോഡ് വികസിപ്പിക്കാനെന്ന പേരിൽ ഗതാഗതയോഗ്യമായിരുന്ന റോഡിനെ മാന്തിപ്പൊളിച്ച് ഈ വിധമാക്കി സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാർ പറയുന്നത്. ബേഡഡുക്ക പഞ്ചായത്തിലെ ഉണുപ്പംകല്ല് മുതൽ മുള്ളങ്കോട് വരെ റോഡ് പണി തുടങ്ങിയിട്ട് അഞ്ചു വർഷമായി.

മലയോരത്തെ പ്രധാന പാതകളായ തെക്കിൽ-ആലട്ടി റോഡ്, കുറ്റിക്കോൽ-ബോവിക്കാനം റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. 10 മീറ്റർ മെക്കാഡം ടാർ റോഡ് സ്വപ്നം കണ്ട നാട്ടുകാർക്ക് നവീകരണം സമ്മാനിച്ചത് തീരാദുരിതമാണ്. മഴയത്ത് ജി.എസ്.ബി. ഇട്ട് വെച്ച റോഡിലെ സിമന്റിന്റെ അംശം ഒലിച്ച് പോയി. ഇപ്പോൾ പൊങ്ങി ചിതറിക്കിടക്കുന്ന ജെല്ലിയിൽ വാഹനങ്ങൾ നിരങ്ങി വശങ്ങളിലേക്ക് പോകുന്നതിനാൽ ഇതുവഴി ഗതാഗതം അസാധ്യമായിരിക്കുകയാണ്. കാൽ നടയാത്രപോലും ദുഷ്കരമായി.

സ്കൂൾ യാത്രഅതികഠിനം

നൂറിലധികം കുട്ടികളാണ് കുണ്ടൂച്ചി ഗവ. എൽ.പി. സ്കൂളിൽ പഠിക്കുന്നത്. 20 ഓളം കുട്ടികൾ അങ്കണവാടിയിലും. രാവിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ കഷ്ടപ്പെടുകയാണ്. ടാക്സി വാഹനങ്ങൾ ഇതുവഴി വരുന്നില്ല. റോഡിൽ ജെല്ലി പൊങ്ങിക്കിടക്കുന്നത് കാരണം കുട്ടികൾക്ക് നടക്കാനാവുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. റോഡിന്റെ ഓരം ചേർന്നാണ് യാത്ര. സ്കൂൾ, അങ്കണവാടി, ആരോഗ്യകേന്ദ്രം തുടങ്ങി ഒട്ടേറെ പൊതു സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.

കരാറുകാരൻ ചതിച്ചെന്ന് പ്രദേശവാസികൾ

റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയിൽ പെടുത്തിയാണ് റോഡിന്റെ പണി ആരംഭിച്ചത്. അഞ്ച് കോടി രൂപ അടങ്കലിൽ 1.8 കിലോമീറ്റർ നീളത്തിലാണ് റോഡ് വികസിപ്പിക്കേണ്ടത്. അഞ്ചര മീറ്റർ വീതിയിൽ ടാർ ചെയ്യണം.

കരാറുകാരൻ പല ന്യായങ്ങളും പറഞ്ഞ് പദ്ധതി വൈകിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കേണ്ടത് അഞ്ച് വർഷമായിട്ടും പാതി വഴിയിലാണ്. മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയതോടെ ഒരു നാട് തന്നെ ഒറ്റപെട്ടുപോയി. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും മെല്ലെപ്പോക്ക് കാരണം നാട്ടുകാർക്ക് വർഷങ്ങളാണ് നഷ്ടപ്പെട്ടത്.

മഴ മാറുന്നതോടെ ടാറിങ് തുടങ്ങുമെന്ന് കരാറുകാരൻ

മഴ മാറിക്കഴിഞ്ഞാൽ ഉടൻ ടാറിങ് ജോലി തുടങ്ങുമെന്ന് കരാറുകാരൻ ടി.എ. മൊയ്തീൻ കുഞ്ഞി ചാപ്പാടി പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ടാർ വില ഇരട്ടിയായതാണ് ടാറിങ് തടസ്സപ്പെടാൻ കാരണമായത്.

അധിക ചെലവ് സർക്കാർ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പണി ആരംഭിക്കുന്നത്. സീതാംഗോളി പ്ലാന്റിൽ നിന്നും ടാർ മിക്സ് ചെയ്ത് കൊണ്ടുവന്നിടാനാണ് ആലോചന. അതിന് രണ്ട് ദിവസം മഴ മാറിക്കിട്ടണമെന്നും മൊയ്തീൻകുഞ്ഞി പറഞ്ഞു.