തേജസ്വിനി കരകവിഞ്ഞു:കിനാനൂർ കരിന്തളത്ത് ജാഗ്രത

കരിന്തളം : തേജസ്വിനി പുഴ കവിഞ്ഞതോടെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പുഴയോരപ്രദേശങ്ങളിൽ ജാഗ്രത. പാറക്കോൽ പാലം വെള്ളത്തിനടിയിലായി. കരിന്തളം അണ്ടോളിൽ പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി അയൽവീടുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് ഇവരെ മാറ്റുന്നത്.

വീടുകളിലേക്ക് വലിയതോതിലാണ് പുഴവെള്ളം ഇരച്ചെത്തുന്നത്. മുക്കട കാര്യങ്കോട് തീരദേശറോഡ് വെള്ളത്തിനടിയിലായി. ഇതുവഴി ബസ് സർവീസ് ഉൾപ്പെടെ വാഹനഗതാഗതം പൂർണമായി നിലച്ചു. പുലിയന്നൂർ, അണ്ടോൾ, വേളൂർ, പാറക്കോൽ, കീഴ്മാല, കണിയാട, നീലേശ്വരം നഗരസഭയിൽപ്പെട്ട പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി പ്രദേശങ്ങളിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടർന്നാൽ നിയന്ത്രണാതീതമായി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്.

ചെമ്മരങ്കയം കമ്പിപാലം തകർന്നു

കമ്പല്ലൂർ : ശക്തമായ മലവെള്ളപ്പാച്ചിലിൽ കാര്യങ്കോട് പുഴയ്ക്ക് ചെമ്മരങ്കയത്ത് സ്ഥാപിച്ച കമ്പി പാലം തകർന്നു. ഇരുകരകളിലും സ്ഥാപിച്ച കമ്പിപാലത്തിന്റെ തൂണുകൾ തകർന്നതാണ് കാരണം.

കയ്യൂരിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കയ്യൂർ : മഴ കനത്തതോടെ തേജസ്വിനി പുഴ കരകവിഞ്ഞു. കയ്യൂരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കയ്യൂർ, ചെറിയാക്കര, കൂക്കോട്ട്, മയ്യൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറാൻ തുടങ്ങിയത്. ഈ പ്രദേശങ്ങളിലെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ രാത്രിയോടെ വെള്ളം കൂടുതൽ കയറിയാൽ അപകടസ്ഥിതിയുണ്ടാകും എന്നതിനാലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.