തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കിയാൽ പ്രതിരോധിക്കും -സി.ഐ.ടി.യു.

ഉദുമ : കിരാതമായ തൊഴിൽകോഡ് നടപ്പാക്കില്ലെന്ന് തീരുമാനിച്ച എൽ.ഡി.എഫ്. സർക്കാറിൽനിന്ന് വിരുദ്ധമായി 102 എം.എൽ.എ.മാരുണ്ടെന്ന അഹങ്കാരത്തിൽ സതീശൻ സർക്കാർ പ്രവർത്തിച്ചാൽ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ പറഞ്ഞു. ഉദുമയിൽ സമാപിച്ച സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഡോ. വി.പി.പി.മുസ്തഫ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ, കെ.വി.കുഞ്ഞിരാമൻ, സാബു അബ്രഹാം, വി.വി.പ്രസന്നകുമാരി, വി.വി.രമേശൻ, പി.കമലാക്ഷൻ, ടി.നാരായണൻ, ജില്ല ജനറൽ സെക്രട്ടറി പി.മണിമോഹൻ എന്നിവർ സംസാരിച്ചു. ഉദുമ പള്ളത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നുറുകണക്കിന് പ്രവർത്തകർ അണിചേർന്നു. പ്രകടനം ഉദുമയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ സമാപിച്ച ശേഷമായിരുന്നു പൊതുയോഗം.
ഡോ. വി.പി.പി.മുസ്തഫപ്രസിഡന്റ്, പി.മണിമോഹൻ ജന. സെക്രട്ടറി
: സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായി ഡോ. വി.പി.പി.മുസ്തഫയെയും ജനറൽ സെക്രട്ടറിയായി പി.മണിമോഹനെയും തിരഞ്ഞെടുത്തു. പി.കമലാക്ഷനാണ് ഖജാൻജി. സാബു അബ്രഹാം, ബേബി ഷെട്ടി, കാറ്റാടി കുമാരൻ, എൻ.ടി.ലക്ഷ്മി, ടി.നാരായണൻ, പി.ബാലകൃഷ്ണൻ, പി.വി.രാജേന്ദ്രൻ, കെ ഉണ്ണിനായർ, വസന്തകുമാരി (വൈസ് പ്രസിഡൻറുമാർ), വി.വി.രമേശൻ, കെ.വി.ജനാർദനൻ, കെ.രവീന്ദ്രൻ, പി.എ.റഹ്‌മാൻ, എം.വി.ചന്ദ്രൻ, ബി.ശോഭ, ഇ.രമണി, കെ.രാമചന്ദ്രൻ, എ.ആർ.ധന്യവാദ്, കെ.മോഹനൻ (സെക്രട്ടറിമാർ). 70 അംഗ ജില്ലാ കമ്മിറ്റിയെയും 250 ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയണം
: നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്താൽ പ്രതിസന്ധിയിലായ നിർമാണ മേഖലയെ സംരക്ഷിക്കണമെന്ന് സി.ഐ.ടി.യു. ദ്വിദിന ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിമന്റ്, കമ്പി, പെയിന്റ്, പ്ലംബിങ്, വയറിങ് സാധനങ്ങൾ, കരിങ്കല്ല്, ചെങ്കല്ല് അടക്കമുള്ള വസ്തുക്കൾക്ക് നിയന്ത്രണമില്ലാതെ വില കയറുന്നു. ഇതുമൂലം തൊഴിൽലഭ്യത കുറയുന്നു. തൊഴിലാളികളുടെ ജീവിതം താളംതെറ്റുന്നു.
ഈ സാഹചര്യത്തിൽ നിർമാണവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്.