കാനായി നവതിയിലേക്ക്; സമ്മാനമായി കാസർകോട്ടെ ശില്പ അനാവരണം

കാഞ്ഞങ്ങാട്: വർഷം 1937. കുംഭത്തിലെ തൃക്കേട്ട നാൾ. അന്നാണ് കാനായി കുഞ്ഞിരാമന്റെ ജനനം. നവതിയുടെ നിറവിലെത്താൻ ഇനി മൂന്നരമാസം. ശില്പകലയിൽ കേരളത്തിന്റെ അഭിമാനമായ കാനായിക്ക് 90-ാം പിറന്നാൾ സമ്മാനമാകും 13-ന് നടക്കുന്ന കാസർകോട്ടെ ശില്പ അനാവരണം.
പ്രായവും രോഗവും അവശതയുണ്ടാക്കുന്നുണ്ട്. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീടിന്റെ ഉമ്മറത്തിരുന്ന് ശില്പകലയുടെ ജീവിതതാളം പറയുന്നു കാനായി. മദിരാശി ഫൈൻ ആർട്സ് കോളേജിൽനിന്ന് ശില്പകലയിൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന കാലം മുതൽ തുടങ്ങിയതാണ് ശില്പനിർമാണം. ജന്മനാടാണെങ്കിലും കാസർകോട് ജില്ലയിലെ ആദ്യത്തെ ശില്പമാണ് ജില്ലാപഞ്ചായത്തിന് മുന്നിലുയർന്ന രണ്ട് ശില്പങ്ങൾ. കാസർകോടിന് ഒരു കൈയൊപ്പ് ചാർത്തണമെന്ന കാനായിയുടെ ആഗ്രഹം കൂടിയായിരുന്നു ഇത്. ഒന്നിലേറെ തവണ നിർമാണം മുടങ്ങിയപ്പോഴും അതി ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ കിടന്നപ്പോഴും ശില്പം പൂർത്തിയാക്കുന്ന ഒരു ദിവസമുണ്ടാകുമെന്ന് കാനായി പറഞ്ഞത് മനസ്സുറപ്പോടെയായിരുന്നു.
ശില്പകലയിൽ ലണ്ടനിലെ സ്ലെയ്ഡ് സ്കൂളിൽ ഉപരിപഠനം കഴിഞ്ഞിറങ്ങിയ കുഞ്ഞിരാമൻ നാട്ടിലേക്ക് തിരിച്ചെത്തിയത് പുതിയ ആശയങ്ങളും തീരുമാനങ്ങളും നിറച്ച മനസ്സോടെയായിരുന്നു.
ക്ഷേത്ര മതിൽക്കെട്ടിനകത്തുമാത്രം ഒതുങ്ങിയ ശില്പത്തെ പൊതു ഇടങ്ങളിലേക്ക് കൊണ്ടുവന്നത് ധീരമായ തീരുമാനമായിരുന്നു. 'പ്രകൃതി അമ്മയും മനുഷ്യർ മക്കളും'- അന്നും ഇന്നും കാനായി പറഞ്ഞത് ഈയൊരു വാചകമാണ്. തുറസ്സായ സ്ഥലങ്ങളിൽ ശില്പങ്ങളെ കൊത്തിയെടുക്കുമ്പോഴും വിവാദങ്ങൾ പടരുമ്പോഴും അഭിനന്ദനങ്ങൾ ചൊരിയുമ്പോഴും ഈ സന്ദേശത്തെ ചേർത്തും തഴുകിയും അത് കടഞ്ഞെടുത്തും തന്റെ നിലപാട് എന്തെന്ന് കാനായി പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞു... 'മലമ്പുഴയിൽ യക്ഷി ചെയ്യുമ്പോൾ ഞാൻ അവിടെ കല്പണിക്കാരനായിട്ടാണ് കൂലി വാങ്ങിയിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നല്ലൊരു മനുഷ്യനാകാനാണ്. കലയെന്ന മരത്തിലെ ഒരു പൂവിനുള്ള സ്ഥാനമേയുള്ളൂ എനിക്ക്. ഞാൻ കലകൊണ്ട് സമൂഹത്തിലെ തൂപ്പുപണി ചെയ്യുകയാണ്. കല തൂക്കിയിടാനുള്ള അലങ്കാരമല്ല. കലയുടെ ധർമം ശുദ്ധീകരണമാണ്'.
കാസർകോട്ടേത് 'വിക്ടിംസും സ്വാതന്ത്ര്യവും'
കൗമാരകാലത്ത്, അതായത് 15-ാം വയസ്സ് മുതൽ ശില്പങ്ങളെ കൊത്തിയെടുക്കാൻ തുടങ്ങിയിരുന്നു കാനായി. ഏഴരപ്പതിറ്റാണ്ട് നീണ്ട കർമപാതയിൽ ഒടുവിലത്തെ ശില്പങ്ങളാണ് കാസർകോട്ടേത്. ശില്പങ്ങളിലൊന്നിന് 'വിക്ടിംസ്' എന്നും രണ്ടാമത്തേതിന് 'സ്വാതന്ത്ര്യം' എന്നുമാണ് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും ചേർന്നുള്ള കോൺക്രീറ്റ് ശില്പമാണ് ഒരെണ്ണം. എൻഡോസൾഫാൻ ദുരിതബാധിതരുടെ ഓർമ്മകൾക്കായാണ് ഈ ശില്പമുയരുന്നത്. വാനിലേക്ക് മുഷ്ടിചുരുട്ടിയുള്ളതാണ് 'സ്വാതന്ത്ര്യം' എന്നുപേരിട്ട രണ്ടാമത്തെ ശില്പം. കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളിൽ ഏറ്റവും ഉയരമുള്ളതാണ് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ശില്പം. ഇതിന് 40 അടിയിൽ കൂടുതൽ ഉയരമുണ്ട്. തിരുവനന്തപുരത്തെ 'സാഗരകന്യക' ശില്പമാണ് ഏറ്റവും നീളം കൂടിയത്.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ 13-ന് അനാവരണം ചെയ്യും
ജില്ലാപഞ്ചായത്ത് കാര്യാലയത്തിനുമുന്നിൽ ഉയർന്ന കാനായി ശില്പങ്ങൾ 13-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനാവരണം ചെയ്യും. അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇരു ശില്പങ്ങളും നിർമിച്ചത്. 12 വർഷം മുൻപാണ് ശില്പനിർമാണം തുടങ്ങിയത്. കോവിഡ് ഉൾപ്പെടെ ഇടയ്ക്കിടെ വന്ന സാങ്കേതിക തടസ്സങ്ങളാണ് ഇത്രയും വൈകിച്ചത്. ഇടവേളയ്ക്കുശേഷം വീണ്ടും പണി തുടങ്ങിയപ്പോഴാണ് അദ്ദേഹം വീട്ടിൽ വീണ് പരിക്കേറ്റത്. പിന്നീട് ജില്ലാപഞ്ചായത്ത് അധികൃതർ അദ്ദേഹത്തിന്റെ വീട്ടിൽവന്ന് അത് പൂർത്തിയാക്കണമെന്ന ആഗ്രഹം പറഞ്ഞു. അങ്ങനെയാണ് ഈ വർഷം ജനുവരി മുതൽ വീണ്ടും പണി തുടങ്ങിയത്.