അപകടാവസ്ഥയിൽ ബളവന്തടുക്ക തൂക്കുപാലം സ്ഥിരം പാലം വേണമെന്ന് നാട്ടുകാർ

മുള്ളേരിയ : ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയിൽനിന്ന് രണ്ടര കിലോമീറ്റർ മാത്രം അകലെയാണെങ്കിലും ബളവന്തടുക്കയിലെത്താൻ ഇപ്പോൾ ഏകദേശം 15 കി.മീ ചുറ്റണം. പുഴയ്ക്ക് കുറുകെ സ്ഥിരം പാലമില്ലാത്തതാണ് യാത്രാദൂരം ഇത്രയും വർധിക്കാൻ കാരണം. ദേലംപാടി പഞ്ചായത്തിലെ ബളവന്തടുക്കയിൽ 170 ഓളം വീടുകളിലായി 500 ഓളം പേരാണ് താമസിക്കുന്നത്. ആദൂർ–ബളവന്തടുക്ക റോഡ് നവീകരിച്ച് പാലം നിർമിച്ചാൽ ഒരു നാടിന്റെ മുഖഛായതന്നെ മാറും.

നിലവിൽ ആദൂരിൽനിന്ന് കാട്ടിലൂടെയുള്ള ഇടുങ്ങിയ റോഡും തുരുമ്പെടുത്ത് തകർച്ചയുടെ വക്കിലെത്തിയ തൂക്കുപാലവുമാണ്‌ ബളന്തടുക്കയിൽ എത്താൻ പ്രധാന ആശ്രയം. നിലവിൽ ചുറ്റിവളഞ്ഞ് പാണ്ടിയിൽനിന്ന് കാട്ടിലൂടെവേണം റോഡുമാർഗം വരാൻ. സ്ഥിരമായി വന്യമൃഗങ്ങളുടെ സാന്നിധ്യംകാരണം ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. 1999 ഓഗസ്റ്റ് 30-നാണ് 170 മീറ്റർ നീളമുള്ള തൂക്കുപാലം തുറന്നത്. 15.65 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാലം ദേലംപാടി–കാറഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമായിരുന്നു.

വർഷങ്ങൾക്കുശേഷം പാലം തകർച്ചയുടെ വക്കിലെത്തി. പലകകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. പാലത്തിന്റെ അടിഭാഗം പൂർണമായും തുരുമ്പെടുത്ത് അപകടാവസ്ഥയിലാണ്. പയസ്വിനി പുഴയുടെ ബളവന്തടുക്ക ഭാഗം പാറകൾനിറഞ്ഞ പ്രദേശമാണ്. തുക്കുപാലത്തിന് സമീപത്തേക്ക് നല്ലൊരു റോഡും നിലവിലില്ല. നാട്ടുകാരുടെ ശ്രമഫലമായി സ്വകാര്യ ഭൂമി വാങ്ങി റോഡ് നിർമിച്ചെങ്കിലും കുത്തനെയുള്ള ഇറക്കവും കയറ്റവും ഉള്ളതിനാൽ വാഹനങ്ങൾക്ക് വരാൻപറ്റുന്നില്ല. കയറ്റം കുറച്ച് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

വേണം പുഴയോരപാതയും

വനമേഖയ്ക്കും പുഴയ്ക്കും ഇടയിൽ ഒറ്റപെട്ടുപോകുന്ന ബളവന്തടുക്ക- ചള്ളത്തിങ്കാൽ–കടുമന പ്രദേശങ്ങളെ നല്ലൊരു റോഡുവഴി ബന്ധിപ്പിക്കുകയും പാലം വരികയുംചെയ്താൽ ഏറെ വികസനസാധ്യതയുള്ള കാർഷിക മേഖലയാണിത്‌. ടൂറിസത്തിനും ഏറെ സാധ്യതയുള്ള മേഖല. ഏറെ പ്രത്യേകളുള്ള ക്ഷേത്രങ്ങളും ഈ സ്ഥലങ്ങളിലുണ്ട്. ഒരു ഡാമിനും ഏറെ സാധ്യതയുണ്ട്. പലപ്രാവശ്യം പഠനംനടത്തിയിട്ടും പദ്ധതി നടപ്പാക്കാനായില്ല.

ജലം സംഭരിക്കാനായാൽ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗപ്പെടുത്തുനുമാകും. വേനൽക്കാലത്തും പ്രദേശത്ത് ജലലഭ്യത ഉറപ്പുവരുത്താനും പറ്റും. റോഡ്, പാലം, ഡാം, ഗ്രാമീണ ടൂറിസം എന്നിവ ഉൾപ്പെടുത്തിയുള്ള സമഗ്ര വികസനപദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. റോഡും സ്ഥിരം പാലവും യാഥാർഥ്യമാക്കാനായാൽ ബളവന്തടുക്കയുടെ ഒറ്റപ്പെടലിന് പരിഹാരമാകും.