ദീപശിഖയെത്തി: ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേള ഇന്ന്‌ തുടങ്ങും

നീലേശ്വരം : ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേളയുടെ ദീപശിഖ കഴിഞ്ഞവർഷം മേളയ്ക്ക് ആതിഥ്യമരുളിയ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിലെത്തിച്ചു. ബുധനാഴ്ച മുതൽ 10 വരെ നടക്കുന്ന കായികമേളയ്ക്ക് ഇക്കുറി ആതിഥ്യമരുളുന്നത് നീലേശ്വരം പള്ളിക്കര സെയ്ന്റ് ആൻസ് എ.യു.പി. സ്‌കൂളാണ്. ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ എ.വി. അബ്ദുൽ ബാസിത് കായികതാരത്തിന് ദീപശിഖ കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്തു. ദുർഗ സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പ്രഭാകരൻ അവതാർ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ എച്ച്.ആർ. സുകന്യ, എം. പ്രശാന്ത്, നീലേശ്വരം നഗരസഭ കൗൺസിലർ എം. സുഭാഷ് എന്നിവർ മുഖ്യാതിഥികളായി. ഹൊസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ, സെയ്ന്റ് ആൻസ് പ്രഥമാധ്യാപിക സിസ്റ്റർ ജെസ്സി ജോർജ്, പി.ടി.എ. പ്രസിഡന്റ് വി. സജിത്ത്, ദുർഗ സ്‌കൂൾ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ കെ.വി. ജയൻ, എച്ച്.എം. ഫോറം കൺവീനർ കെ. രാജീവൻ, ലോ ആൻഡ് ഓഡർ ചെയർമാൻ എം. മഹേന്ദ്രൻ, സ്‌പോർട്‌സ് കൗൺസിൽ അംഗം മനോജ് പള്ളിക്കര, ദുർഗ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥൻ, പ്രഥമാധ്യാപിക പി. സുമ എന്നിവർ സംസാരിച്ചു.

ഹൊസ്ദുർഗ് ജി.എച്ച്.എസ്.എസ്., കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ, പടന്നക്കാട് ജി.എൽ.പി.എസ്., എസ്.എൻ.എ.യു.പി.എസ്., നീലേശ്വരം എൻ.കെ.ബി.എം., നീലേശ്വരം രാജാസ്, പേരോൽ സ്കൂളുകൾ, നീലേശ്വരം പള്ളിക്കര സെയ്ന്റ് ആൻസ് എ.യു.പി.എസ്. എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ദീപശിഖാ പ്രയാണം ഇ.എം.എസ്. സ്റ്റേഡിയത്തിലെത്തി. ബുധനാഴ്ച രാവിലെ 10-ന് സന്ദീപ് വാരിയർ എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാനായ നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനാകും.