എവിടെ നീന്തും കുറ്റിക്കോലിലെ കുട്ടികൾ പൊതുകുളങ്ങൾ ചെളിക്കുഴികൾ

കുറ്റിക്കോൽ : നീന്തൽമത്സരങ്ങളിൽ മികവുപുലർത്തുമ്പോഴും പരിശീലനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മലയോരത്തെ കുട്ടികൾ. പരിമിതികൾക്കെതിരേ നീന്തിയാണ് ഇവിടത്തുകാർ വിവിധ നീന്തൽമത്സരങ്ങളിൽ മികവ് തെളിയിക്കുന്നത്.

കഴിഞ്ഞദിവസം വിദ്യാനഗർ സ്പോട്സ് കൗൺസിലിന്റെ നീന്തൽക്കുളത്തിൽ നടന്ന സബ്ജില്ലാ മത്സരത്തിൽ പങ്കെടുത്ത് കുറ്റിക്കോൽ പഞ്ചായത്തിലെ 20 കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി. 25-നാണ് ജില്ലാതല മത്സരം. ഇതിൽ പങ്കെടുക്കാൻ പരിശീലനം നടത്താൻ സ്വിമ്മിങ്പൂൾ പോയിട്ട് നല്ലൊരുകുളംപോലും മലയോരത്തില്ല.

കുറ്റിക്കോൽ ഗവ. ഹൈസ്കൂളില 13 പേരും കുറ്റിക്കോൽ എ.യു.പി. സ്കൂളിലെ എട്ടുപേരുമാണ് സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ഇതിൽനിന്നാണ് 20 പേർ യോഗ്യതനേടിയത്. കഴിഞ്ഞവർഷം പഞ്ചായത്തിൽനിന്നും ഒൻപതുപേർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരുന്നു. വിദ്യാനഗർ സ്പോട്സ് കൗൺസിൽ സ്വിമിങ് പൂളിലേക്ക് ഇത്രയും ദൂരം ദിവസവും പരിശീലനത്തിന് കുട്ടികളെ എത്തിക്കുകയെന്നത് പ്രയാസമേറിയതാണെന്ന് പരിശീലകൻ കുറ്റിക്കോൽ അഗ്നിരക്ഷാനിലയം സിവിൽ ഡിഫൻസ് വൊളന്റിയർ ശശിധരൻ കുറ്റിക്കോൽ പറയുന്നു.

ഇതിലെങ്ങനെ പരിശീലിക്കും

കുറ്റിക്കോൽ പഞ്ചായത്തിന്റെ പൊതുകുളമായ പൊട്ടംകുളത്തിലാണ് ഇവിടത്തുകാർ സ്ഥിരം പരിശീലനം നടത്തുന്നത്. ബേത്തൂർപാറ സ്കൂളിലെ കുട്ടികളും ഇവിടെ പരിശീലനത്തിന് എത്താറുണ്ട്. എന്നാൽ, ഇത്തവണ മഴ കുറഞ്ഞതിനാൽ ആഴ്ചകൾക്കു മുൻപേ പൊട്ടംകുളത്തിൽ വെള്ളം കുറഞ്ഞു. ഇതോടെ ഉള്ള വെള്ളവും മലിനമായി.

ഇതിനോടകം ഒട്ടേറെപ്പേർ ഇവിടെ നീന്തൽപരിശീലനം നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്, വായനശാല, സ്വാശ്രയസംഘം എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതലായും ഇവിടെ നീന്തൽപരിശീലനം നടക്കുന്നത്. അഞ്ച് വർഷമായി ജൂൺ മുതൽ അഞ്ചുമാസം നീന്തൽപരിശീലനം നടത്തിവരുന്നു. പഞ്ചായത്തിന് പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ 300-ലധികം കുട്ടികൾ ഇതിനോടകം ഇവിടെ നീന്തൽ പരിശീലിച്ചു. മത്സരത്തിനായി വിവിധ സ്കൂളുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതും ഇവിടെയാണ്.

നീന്തൽക്കുളമാക്കണം

പൊട്ടംകുളത്തെ നവീകരിച്ച് നീന്തൽപരിശീലന കേന്ദ്രമാക്കണമെന്നാണ് ആവശ്യം. വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി കുറ്റിക്കോൽ ഗ്രാമപ്പഞ്ചായത്തിന് വിട്ടുനൽകിയതാണ് കുളം. പൊതുകുളത്തിന്റെ കരയിലാകെ കാട് മൂടി. കരിങ്കല്ലിൽ നിർമിച്ച ചുറ്റുമതിൽ തകർന്നു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രാമപ്പഞ്ചായത്ത് 2019-ൽ ചെങ്കല്ലിൽ ചുറ്റുമതിൽ നിർമിച്ചിരുന്നു. എന്നാൽ, മൂന്നുഭാഗം മാത്രമായിരുന്നു ഇത്. ഒരു ഭാഗം കരിങ്കൽ ഭിത്തിയുണ്ടായിരുന്നത് നവീകരിച്ചില്ല.

ഇതാണ് ഇപ്പോൾ തുടർച്ചയായി ഇടിഞ്ഞുവീഴുന്നത്. കുളത്തിന് 15 മിറ്ററോളം നീളവും 12 മീറ്ററോളം വീതിയും മൂന്ന് മീറ്ററോളം ആഴവും ഉണ്ട്.

മനസ്സുവെച്ചാൽ ശരിയാക്കാം

കുറ്റിക്കോൽ പഞ്ചായത്തിൽ മൂന്ന് പ്രധാന പൊതുകുളങ്ങൾ ഏറെക്കാലമായി സംരക്ഷണമില്ലാതെ നശിക്കുന്നത് കണ്ടിട്ടും അധികൃതർക്ക് അനക്കമില്ല. കുറ്റിക്കോലിലെ പൊട്ടംകുളം, ബന്തടുക്ക ചിൽമിക്കുളം, ഏണിയാടിക്കുളം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. മനസ്സുവെച്ചാൽ ഇവയിലേതെങ്കിലും ഒന്നിനെ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തി നല്ലൊരു നീന്തൽപരിശീലന കേന്ദ്രമായി മാറ്റിയെടുക്കാവുന്നതാണ്.