തെരുവുനായശല്യത്തിന് പ്രതിരോധമൊരുക്കി ചെങ്കള പഞ്ചായത്ത്

വിദ്യാനഗർ : തെരുവുനായ ശല്യം ജനജീവിതത്തിന് വലിയ ഭീഷണിയായി മാറിയ സാഹചര്യത്തിൽ പേവിഷബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ചെങ്കള ഗ്രാമപ്പഞ്ചായത്ത്. ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റും ജില്ലാ കോടതിയും ഉൾപ്പെടെ നിരവധി പ്രധാന സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ചെങ്കള.

വിവിധ ആവശ്യങ്ങൾക്കായി ദിവസേന ആയിരക്കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് ഇവിടങ്ങളിലേക്ക് എത്തുന്നത്. ഉദ്യോഗസ്ഥർ, ജീവനക്കാർ, അഭിഭാഷകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് തെരുവുനായ്ക്കളുടെ സാന്നിധ്യം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. റോഡുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടത്തോടെ അലഞ്ഞുനടക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി പഞ്ചായത്ത് മുന്നോട്ടുവന്നത്. പേവിഷബാധ നിയന്ത്രിക്കുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രതിരോധ കുത്തിവെപ്പിനൊപ്പം തെരുവുനായ നിയന്ത്രണത്തിനായുള്ള മറ്റ് ശാസ്ത്രീയ നടപടികളുമുണ്ടാകും. ചെങ്കള പഞ്ചായത്തിന്റെയും നായന്മാർമൂല വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പേവിഷ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കിയത്.

കുത്തിവെപ്പ് യജ്ഞം ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സുമേഷ്, വെറ്ററിനറി സർജൻമാരായ ഡോ. അമ്പിളി, ഡോ. ജി. നിതീഷ് എന്നിവർ സംസാരിച്ചു.

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ.ആർ. അഖിൽ, ആർ. അനീഷ് എന്നിവർ നേതൃത്വം നൽകി. കുത്തിവെപ്പ് നൽകിയ നായകളെ തിരിച്ചറിയുന്നതിന് ​േസ്പ്ര പെയിന്റും തളിച്ചാണ് വിടുന്നത്.