അടിപ്പാതാ രൂപരേഖയായി; നിർമാണം ഉടൻ തുടങ്ങും

ചെറുവത്തൂർ : ജനകീയസമരത്തിലൂടെ നേടിയെടുത്ത ചെറുവത്തൂർ അടിപ്പാതയുടെ നിർമാണം ഒരാഴ്ചയ്ക്കകം തുടങ്ങും. ഏഴ് മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലുമുള്ള അടിപ്പാതയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ-വ്യാപാരഭവൻ റോഡിൽ ദേശീയപാതയിൽ പണിയുക.

നേരത്തെ മൂന്ന് മീറ്റർ വീതിയിൽ രണ്ട് മീറ്റർ ഉയരത്തിലുള്ള കാറ്റിൽ ബോക്‌സാണ് ഇവിടെ നിർമിച്ചിരുന്നത്. കന്നുകാലി പാസേജ് എടുത്ത് മാറ്റി സഞ്ചാരയോഗ്യമായ അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതി നടത്തിയ 157 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ആവശ്യം അംഗീകരിച്ചത്.

2025 നവംബർ 12-ന് തുടങ്ങിയ അനിശ്ചിതകാലസമരം പതിനഞ്ചാം ദിവസം പോലീസ് ഇടപെട്ട് തടഞ്ഞു. സമരപ്പന്തൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലെത്തിയ പോലീസ് തകർത്തു. മണിക്കൂറുകൾക്കകം പന്തൽ പുനഃസ്ഥാപിച്ച് സമരം തുടരുകയും 19-ാം ദിവസം മുതൽ അനിശ്ചിതകാല റിലേ നിരാഹാരത്തിലേക്ക് മാറി. മണ്ണ് പരിശോധനയ്ക്ക് ശേഷം അടിപ്പാതയുടെ രൂപരേഖ ദേശീയപാത അതോറിറ്റി അംഗീകരിച്ചു.

പ്രവൃത്തി തുടങ്ങുന്നതിന് മുമ്പായി കരാർ കമ്പനി അധികൃതരെത്തി സ്ഥലനിർണയം നടത്തി. ഒരാഴ്ചയ്ക്കകം നിർമാണം തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.