പാലക്കുന്നിലും ഉദുമയിലും മീൻചന്തയുണ്ട് പക്ഷേ കച്ചവടം റോഡരികിൽ

പാലക്കുന്ന് : ലക്ഷങ്ങൾ മുടക്കി നിർമിച്ച പഞ്ചായത്ത് മീൻചന്തയെ നോക്കുകുത്തിയാക്കി പാലക്കുന്നിൽ മത്സ്യവിൽപ്പന ഇപ്പോഴും പുറത്ത് റോഡരികിൽ. ഉദുമയിലും ചന്തക്കെട്ടിടം വെറുതെ കിടക്കുകയാണ്.

ഇവിടെയും റോഡുവക്കിലാണ് വിൽപ്പന. പാലക്കുന്നിലുള്ള നവീകരിച്ച ഉദുമ പഞ്ചായത്ത് മീൻചന്തക്കെട്ടിടത്തിനുള്ളിൽ സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും മുഴുവൻ മീൻവിൽപ്പനക്കാരും നിത്യവും കെട്ടിടത്തിന് പുറത്താണ് കച്ചവടത്തിനിരിക്കുന്നത്.

സൗകര്യപ്രദമായി പുറത്തിരുന്ന് കച്ചവടംചെയ്യാൻ വലിയ തുണിയുടെ കുടകൾ നിവർത്തിയാണ് പാലക്കുന്നിൽ 16-ലധികം മീൻവിൽപ്പനക്കാർ നിരന്നിരിക്കുന്നത്. കൊരുപ്പുകട്ടകൾ പാകി വൃത്തിയാക്കിയ മുറ്റത്താണ് വിൽപ്പന കഴിഞ്ഞ് മലിനജലം ഒഴുക്കുന്നതെന്നും ആക്ഷേപമുണ്ട്.

ഉദുമയിൽ റോഡുവക്കിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി മീൻവിൽപ്പന നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഉദുമയിലെ മീൻകച്ചവടക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് ദുരന്തം ഒഴിവായത്.

പാലക്കുന്നിലെചന്തയിൽ വിപുലമായ സൗകര്യങ്ങൾ

59 ലക്ഷം രൂപ മുടക്കി വാങ്ങിയ 10 സെന്റ് സ്ഥലത്ത് 61 ലക്ഷം മുടക്കിയാണ് ഉദുമ പഞ്ചായത്ത്‌ മീൻചന്ത കെട്ടിടം നിർമിച്ചത്. കെട്ടിടത്തിലെ ഗ്രാനൈറ്റ് പാകിയ എട്ട് മേശകളിൽ 32 പേർക്ക് ഒരേസമയം മീൻവിൽക്കാൻ സൗകര്യമുണ്ട്. വിൽപ്പന കഴിഞ്ഞ് ബാക്കിയാകുന്ന മീനുകൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസറും വിൽപ്പനകാർക്കുള്ള വിശ്രമ മുറിയും ശൗചാലയവും കെട്ടിടത്തിനകത്തുണ്ട്. ആവശ്യത്തിന് ഫാനുകളും വെളിച്ചവും വെള്ളവും ഉള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ പിന്നിൽ പൊതുജനങ്ങൾക്കുള്ള രണ്ടു ശൗചാലയങ്ങൾ വേറെയുണ്ട്. കെട്ടിടത്തിനുള്ളിൽനിന്നുള്ള മലിനജനം ശേഖരിക്കാൻ ടാങ്കും നിർമിച്ചിട്ടുണ്ട്.

ഇത്രയും സൗകര്യങ്ങളുള്ള കെട്ടിടമാണ് പാലക്കുന്നിലെ വിൽപ്പനക്കാർ കൈയൊഴിഞ്ഞിരിക്കുന്നത്.

കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയോരം മുതൽ ചന്തക്കെട്ടിടം വരെയുള്ള മുറ്റം കൊരുപ്പ് കട്ട പാകിയതാണ്. ഭാവിയിൽ പാലക്കുന്നിലെ ഈ കെട്ടിടം പൂർണമായും ശീതീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ടി മുൻവശത്ത് വിലകൂടിയതരം ചില്ലുഘടിപ്പിച്ച ഭിത്തിയാണുള്ളത്. ഈ ചില്ലുഭിത്തി നീക്കണമെന്നും പുറത്തേക്ക് തുറക്കുന്ന ഇരുമ്പുവാതിൽ മാറ്റി വശങ്ങളിലേക്ക് തള്ളിനീക്കുന്നതരം കവാടം കെട്ടിടത്തിന് നിർമിക്കണമെന്ന ആവശ്യങ്ങൾ കച്ചവടക്കാർ ഉന്നയിച്ചിട്ടുണ്ടെന്ന് വാർഡ് അംഗം മുഹമ്മദ് ഷിയാസ് പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് നവീകരണജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വീണ്ടും നവീകരണത്തിന് തുക അനുവദിക്കുന്നതിൽ സാങ്കേതികതടസ്സങ്ങളുണ്ടാകുമോ എന്ന ആശങ്ക ചില ഭരണസമിതി അംഗങ്ങൾക്കുണ്ട്. ഉദുമയിലെ ചന്തക്കെട്ടിടം സംസ്ഥാന പാതയോരത്തുനിന്നും 200 മീറ്ററോളം ഉള്ളിലാണ്. ഇതിനിടയിൽ റെയിൽവേ ഗേറ്റും ഉണ്ട്. അതിനാൽ കെട്ടിടം ഒഴിവാക്കി കച്ചവടക്കാർതന്നെ സംസ്ഥാന പാതയോരത്ത് ഷെഡ് ഒരുക്കുകയായിരുന്നു.

സന്ധ്യയോടെ വാഹനത്തിലെത്തുന്ന കച്ചവടക്കാരും ഉദുമയിൽ സംസ്ഥാനപാത കൈയേറി മീൻവിൽക്കാനിരിക്കുന്ന കാഴ്ചയും പതിവാണ്.

വാഹനത്തിൽനിന്നിറങ്ങാതെ മീൻവാങ്ങുന്നവർക്ക് ഇത് കാര്യങ്ങൾ എളുപ്പത്തിലാകുന്നുണ്ട്. പാലക്കുന്നിലെ ചന്തകെട്ടിട നടത്തിപ്പ് പഞ്ചായത്ത് 51,000 രൂപയ്ക്ക് മാർച്ച് 31 വരെ ലേലംചെയ്തുകൊടുത്തിട്ടുണ്ട്. സൗകര്യങ്ങൾ ഉപയോഗിക്കാതെ പുറത്ത് കച്ചവടം ചെയ്യുന്നവർക്കെതിരേ പഞ്ചായത്തിനും പൊതുസ്ഥലം മലിനമാക്കുന്നതിന് ആരോഗ്യവകുപ്പിനും നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കെ, അധികൃതരും നിസ്സംഗതപാലിക്കുകയാണെന്ന് പരിസ്ഥിതിപ്രവർത്തകർ ആരോപിച്ചു.