പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; അങ്കണവാടിക്ക് തറകെട്ടാൻ കുഴിപോലുമെടുത്തില്ല

അങ്കണവാടി പ്രവർത്തിക്കുന്ന താത്കാലിക കെട്ടിടം ഒഴിയണമെന്ന് ഉടമ
മാണിയാട്ട് : താത്കാലികമായി പ്രവർത്തിക്കുന്ന തിരുനെല്ലി അങ്കണവാടി കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ. കുട്ടികളുമായി ഇനിയെങ്ങോട്ട് പോകുമെന്നറിയാത അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും. ആറുമാസത്തേക്കാണ് കഴിഞ്ഞ നവംബറിൽ അങ്കണവാടിക്കായി വ്യക്തി വീട് വിട്ടുനൽകിയത്. ആറുമാസത്തേക്ക് ആവശ്യപ്പെട്ട് 10 മാസം പിന്നിട്ട സാഹചര്യത്തിലാണ് വരുന്ന നവംബറിൽ വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടത്.
അങ്കണവാടിക്ക് സമീപം മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാവുകയും കെട്ടിടത്തിനകത്തേക്ക് വെള്ളം കയറുകയും ചെയ്യുന്ന സ്ഥലമാണ് തിരുനെല്ലി. സംസ്ഥാനത്തതലത്തിൽ മാതൃകാ അങ്കണവാടിക്കുള്ള പുരസ്കരം നേടിയ സ്ഥാപനം 2018 മുതൽ വെള്ളക്കെട്ട് ഭീഷണിയിലാണ്. സമീപത്ത് വ്യക്തികൾ മണ്ണിട്ട് ഉയർത്തി കെട്ടിടം പണിയുകയും തൊട്ടടുത്ത് റോഡ് ഉയർന്നതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാനിടയാക്കിയത്. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഇക്കാലയളവിൽ നാലോളം കെട്ടിടങ്ങളിൽ മാറിമാറി അങ്കണവാടി പ്രവർത്തിച്ചു.
തിരുനെല്ലി അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാൻ നീക്കം തുടങ്ങിയിട്ട് രണ്ടുവർഷത്തിലേറേയായി. ഏറ്റവുമൊടുവിൽ കാസർകോട് വികസനപാക്കേജിൽനിന്ന് അനുവദിച്ച ഫണ്ടും ജില്ലാ-ഗ്രാമപ്പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് സ്മാർട് അങ്കണവാടി പണിയുമെന്നായിരുന്നു പ്രഖ്യാപനം. നവംബർ അഞ്ചിന് അന്നത്തെ എം.എൽ.എ. എം. രാജഗോപാലൻ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു. നിർമിതികേന്ദ്രയ്ക്കായിരുന്നു നിർമാണച്ചുമതല. പദ്ധതി നിർവഹണ ഓഫീസറായ ജില്ലാ ശിശുക്ഷേമ ഓഫീസറുടെ കടുംപിടിത്തം കാരണം പ്രവൃത്തി ഉദ്ഘാടനം നടന്ന കെട്ടിടത്തിന്റെ നിർമാണം അനന്തമായി നീണ്ടുപോയി.
ഇതിൽ പ്രതിഷേധം അറിയിച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. മനുവും പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതിയും ജില്ലാ ശിശുക്ഷേമ ഓഫീസിന് മുമ്പിൽ കുത്തിയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 'അടുത്തെങ്ങാനും പണിയുമോ തിരുനെല്ലിയിൽ അങ്കണവാടിക്ക് കെട്ടിടം' മാതൃഭൂമി വാർത്തയെ തുടർന്ന് ജൂലായിൽ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം നടത്തി.
പ്രവൃത്തി ഉത്തരവ് കൈമാറാൻ ജില്ലാ ശിശുക്ഷേമ ഓഫീസർക്കും പണി വേഗത്തിലാക്കാൻ നിർമിതി കേന്ദ്രയ്ക്കും കളക്ടർ നിർദേശം നൽകി. തിരിനെല്ലിയിലേതുൾപ്പെടെ ജില്ലയിൽ മുടങ്ങിക്കിടക്കുന്ന മഴുവൻ അങ്കണവാടികളുടെയും പ്രവൃത്തി വേഗത്തിലാക്കാനായിരുന്നു നിർദേശം. ജൂലായിൽ നിർദേശം ലഭിച്ചിട്ടും ഇതുവരെ നിർമാണം തുടങ്ങിയില്ല. ജില്ലാ ശിശുക്ഷേമ ഓഫീസിൽനിന്ന് കടലാസുകൾ നീങ്ങുന്നതിലെ കാലതാമസമാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമായി നിർമിതികേന്ദ്ര അധികൃതർ പറയുന്നത്.