ആലംപാടി വയലിൽ 'മഴപ്പൊലിമ'

ചെർക്കള : മഴയും മണ്ണും മനുഷ്യരും ഒന്നിച്ചപ്പോൾ ആലംപാടി വയൽ ആഘോഷവേദിയായി. ചെങ്കള ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് ആലംപാടി പാടശേഖരത്തിൽ സംഘടിപ്പിച്ച 'മഴപ്പൊലിമ' ഗ്രാമീണജീവിതത്തിന്റെ കാർഷികപാരമ്പര്യം വിളിച്ചോതിയ ആഘോഷമായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ജനപ്രതിനിധികൾ, പാടശേഖര കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, വിവിധ ക്ലബുകളുടെ പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധിപ്പേർ പങ്കാളികളായി.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം അധ്യക്ഷയായി. ഷുക്കൂർ ചെർക്കളം, ഇഖ്ബാൽ ചേരൂർ, ഇ.ശാന്തകുമാരി, മാഹിൻ ആലംപാടി, സെക്കീന, ഹാരിസ് ഖാസി, ഫരീദാ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.