അപ്രതീക്ഷിത മഴയും മിന്നലും; ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക് സായാഹ്ന ശാഖയിൽ വെള്ളം കയറി

ചെറുവത്തൂർ : കനത്ത മഴയിൽ ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞ് ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക് ഹെഡ് ഓഫീസ് മുറ്റത്തും സമീപത്തും വെള്ളം കയറി. ബാങ്കിന്റെ സായാഹ്നശാഖയിലും സേവനകേന്ദ്രത്തിലും വളംഡിപ്പോയിലും വെള്ളം കയറി നാശം സംഭവിച്ചു. ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് ബാങ്ക് പ്രവർത്തിക്കുന്ന വളപ്പിലേക്ക് വെള്ളം കയറിയത്.

രണ്ട് മണിക്കൂറോളം നിർത്താതെ പെയ്ത മഴയെത്തുടർന്ന് രാത്രി പത്തോടെ ബാങ്കിന്റെ പ്രധാന ശാഖയുടെ അരികിലെ ഓവുചാൽ നിറഞ്ഞുകവിയുകയായിരുന്നു. ബാങ്കിന്റെ മുൻവശത്ത് രണ്ടടി വെള്ളം കയറി. സായാഹ്നശാഖയിലും സേവനകേന്ദ്രത്തിലും വളംഡിപ്പോയിലും ഒരടിയോളം വെള്ളം കയറി. വളംഡിപ്പോയിൽ സൂക്ഷിച്ച രണ്ടുലക്ഷത്തിലധികം രൂപയുടെ വിവിധ ഇനം വളം ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചു.

ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ, മാനേജിങ് ഡയറക്ടർ കെ.പി. സക്കീറലി, ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ രാത്രിയും രാവിലെയുമായി സ്ഥലത്തെത്തി ശുചീകരണത്തിന് നേതൃത്വം നൽകി. വിവരമറിഞ്ഞ് സഹകരണവകുപ്പ് (പ്ലാനിങ്) അസി. രജിസ്ട്രാർ സി. സുനിൽകുമാർ, ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്തംഗം എം.വി. ഷിജു, ചെറുവത്തൂർ വില്ലേജ് ഓഫീസർ വിനോദ് കണ്ണോത്ത് തുടങ്ങിയവർ സ്ഥലത്തെത്തി.

‌പുത്തിലോട്ടും മഡിവയലിലും നാശം

പിലിക്കോട് : ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും മിന്നലിലും പിലിക്കോട് പുത്തിലോട്ടും മഡിവയലിലും കന്നത്ത നാശം. പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവിന് സമീപത്തെ പാലായി വിജയന്റെ വീടിന് വിള്ളലേറ്റു. ഗൃഹോപകരണങ്ങളും വയറിങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു.

പിലിക്കോട് മഡിവയലിലെ പി.വി.മണിയുടെ വീടിന്റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. തൊട്ടടുത്ത് തെങ്ങ് മിന്നലേറ്റ് കരിഞ്ഞു. പിലിക്കോട് പഞ്ചായത്ത് ഉൾപെടെയുള്ള ജനപ്രതിനിധകളും റവന്യൂ, കെ.എസ്.ഇ.ബി. അധികൃതരും പൊതുപ്രവർത്തകരും സന്ദർശിച്ചു.