ജില്ലാ ആസ്പത്രിക്ക്‌ മുന്നിലെ ദേശീയപാതാക്കുരുക്ക്; മേൽപ്പാത തന്നേതീരൂ

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിക്കുമുന്നിൽ മേൽപ്പാത വേണം എന്ന ആവശ്യത്തിനായി രാഷ്ട്രീയഭേദമെന്യേ നാട് ഒന്നിക്കുകയാണ്, ഇതിനായി മാതൃഭൂമി നടത്തിയ കാംപെയ്ൻ ജനങ്ങൾ ഏറ്റെടുക്കുകയാണ്

കാഞ്ഞങ്ങാട് : ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിക്കുമുന്നിലെ ഗതാഗതപ്രശ്‌നം ചർച്ചചെയ്യാൻ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥവാദമുഖങ്ങൾക്കൊപ്പം ജനരോഷവും പ്രതിഫലിച്ചു.

ചർച്ചയ്ക്ക് തുടക്കമിട്ട എം.എൽ.എ. ജില്ലാ ആസ്പത്രിയിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന്റെ നേർചിത്രം വരച്ചുകാട്ടി.

മലയോരത്തുനിന്നും മടിക്കൈ ഭാഗത്തുനിന്നും അത്യാസന്നനിലയിലുള്ള രോഗികളുമായി വരുന്ന വാഹനം ആസ്പത്രി പരിസരവും പിന്നിട്ട്‌ രണ്ടുകിലോമീറ്ററോളം തെക്കോട്ട് ഓടി കൂളിയങ്കാൽ അടിപ്പാത വഴിവേണം ആസ്പത്രിയിലെത്താൻ.

ഇതേ അവസ്ഥതന്നെയാണ് ആസ്പത്രിയിൽനിന്ന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർചെയ്യുന്ന രോഗികളുടെ വാഹനത്തിനും സംഭവിക്കുക. രണ്ടുകിലോമീറ്ററിലധികം ചെമ്മട്ടംവയൽ അടിപ്പാത ചുറ്റിവേണം വീണ്ടും തെക്കോട്ട് ഓടിപ്പിടിക്കാൻ. ഈ ദുരിതത്തെ കുറിച്ച് മാതൃഭൂമി പലതവണ വാർത്ത നൽകിയിരുന്നു.

ഒഴിഞ്ഞുമാറി എൻജിനീയർമാർ

എം.എൽ.എ. അക്കമിട്ട് കാര്യങ്ങൾ വിശദികരിച്ചശേഷം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കാൻ അവസരം നൽകി.

ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങളുടെ പരിധിയിലല്ലെന്നും ഉന്നതതലത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നതുമെന്ന ഒഴുക്കൻമട്ടിലുള്ള മറുപടിയിലായിരുന്നു തുടക്കം.

ആസ്പത്രി പരിസരത്ത് 92 ശതമാനം പണി പൂർത്തീകരിച്ചതായും നിലംതാഴ്ത്തിയും പുതിയ കോൺക്രീറ്റ് മതിൽ നിർമിച്ചുമുള്ള മാറ്റം ഇവിടെ സാധ്യമാകില്ലെന്ന നിലപാടും എൻജിനീയർമാർ പറഞ്ഞു.

ഇക്കാര്യം പണി തുടങ്ങുംമുൻപ് അറിയിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദമാണ് എൻജിനീയർമാർ മുന്നോട്ടുവെച്ചത്.

വ്യക്തമായ മറുപടി നൽകി ആസ്പത്രി സൂപ്രണ്ട്

ആസ്പത്രിക്ക്‌ മുന്നിലെ ഗതാഗതപ്രതിസന്ധി ചൂണ്ടിക്കാട്ടി അതോറിറ്റിക്കും കളക്ടർക്കും 2024-ൽ കത്ത് നൽകിയതായി സൂപ്രണ്ട് വിവരിച്ചു. തുടർന്നും ഈ വിഷയത്തിൽ കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. കളക്ടർ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും സൂപ്രണ്ട് പറഞ്ഞു. അണ്ടർപാസേജ് അല്ലെങ്കിൽ മേൽപ്പാത എന്ന ആവശ്യമാണുന്നയിച്ചത്. മേൽപ്പാതയ്ക്ക് പകരം ഒടുവിൽ മേൽനടപ്പാലമാണ് നിലവിൽ ഇവിടെ അനുവദിച്ച് പണി തുടങ്ങിയിരിക്കുന്നത്.

ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യാക്ഷ ലതാ ബാലകൃഷ്ണൻ, കൗൺസിലർ എം. പ്രശാന്ത് എന്നിവർ ആസ്പത്രി നേരിടുന്ന ഗതാഗതപ്രശ്‌നം അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ലിഫ്റ്റും മേൽനടപ്പാലവും പ്രയോഗികമല്ലെന്നും ജനപ്രതിനിധികൾ വിശദീകരിച്ചു.

മേൽപ്പാത അനുവദിച്ചുകിട്ടുന്നതിനായി യോജിച്ചുള്ള പ്രക്ഷോഭമെന്ന ആശയമാണ് രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി. മുഹമ്മദ് കുഞ്ഞി (മുസ്‌ലിം ലീഗ്), പി.വി. സുരേഷ് (കോൺ.), കെ. രാജ്‌മോഹൻ (സി.പി.എം.), അഡ്വ. രാമചന്ദ്രൻ (ആർ.ജെ.ഡി.), സി.വി. തമ്പാൻ (സി.എം.പി.), കെ.എസ്. പീറ്റർ (കേരളാ കോൺഗ്രസ്) എന്നിവർ പങ്കുവെച്ചത്.

ദേശീയപാത കൊട്ടിയടക്കപ്പെട്ടതോടെ കാരാട്ടുവയലിലെ കർഷകരും പ്രതിസന്ധിയിലായതായി നാട്ടുകാരനായ അശോക് ഹെഗ്‌ഡെ പറഞ്ഞു. വിഷയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ നേരിൽക്കാണുകയും എം.പി. കേന്ദ്രഗതാഗതവകുപ്പ് മന്ത്രിക്ക് ഇക്കാര്യത്തിൽ നിവേദനം നൽകിയതായും എംഎൽ.എ. അറിയിച്ചു. മന്ത്രിയുടെ മറുപടി ലഭിക്കുന്ന മുറക്ക് വീണ്ടും യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കാമെന്ന് എം.എൽ.എ. പറഞ്ഞു.

ദേശീയപാത അതോറിറ്റിയെ പ്രതിനിധാനംചെയ്ത്‌ സൈറ്റ് എൻജിനീയർ ഹർകേഷ് മീണ, ലെയ്സൺ ഓഫീസർ കെ. സേതുമാധവൻ നായർ, റെസിഡെന്റ് എൻജിനീയർ യോഗേന്ദ്രപ്പ, നിർമാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളായ അസി. ജനറൽ മാനേജർ ഡി. സുധാകരൻ, സേഫ്റ്റി മാനേജർ വിജയ് റാത്തോഡ്, സർവേ മാനേജർ എം. പ്രദീപ് മോഹൻ, ലെയ്‌സൺ ഓഫീസർ ടി. മാധവൻ, ട്രാഫിക് പോലിസ് ഓഫീസർമാർ, റവന്യൂവകുപ്പ്, മോട്ടോർവാഹനവകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.