പാതവക്കിലെ മീൻ വിൽപ്പന കെട്ടിടത്തിനകത്തേക്ക്

പാലക്കുന്ന് : റോഡുവക്കിലെ മീൻ വിൽപ്പന അവസാനിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ ഉദുമ പഞ്ചായത്ത്‌ ഭരണസമിതി രംഗത്തിറങ്ങി. വെള്ളിയാഴ്ച രാവിലെ പാലക്കുന്നിലെ നവീകരിച്ച മീൻചന്ത കെട്ടിടത്തിന് പുറത്ത് മീൻവിൽപ്പനക്കിരുന്നവരെ കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. വിൽപ്പനക്കാർ ചൂണ്ടിക്കാണിച്ച നവീകരിച്ച മീൻചന്ത കെട്ടിടത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ നടപടിസ്വീകരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ അറിയിച്ചു.

നവംബർ അഞ്ചിന് ഉദ്ഘാടനംചെയ്ത കെട്ടിടത്തിന്റെ പരിസരം ശുചീകരിച്ചു. കൊരുപ്പ് കട്ടകൾ പാകിയ മുറ്റം മലിനജലം ഒഴുക്കി അലങ്കോലമാക്കിയിട്ടുണ്ട്. ഉദുമ പഞ്ചായത്തിന്റെ അതിർത്തിയായ കളനാട് നടത്തുന്ന റോഡുവക്കിലെ മീൻവിൽപ്പനയെക്കുറിച്ച് ചെമ്മനാട് പഞ്ചായത്ത് അധികൃതരെ വിവരംധരിപ്പിക്കാൻ തീരുമാനിച്ചു.

ഉദുമയിലെ പാതവക്കിലെ മീൻവിൽപ്പനക്കെതിരേ ബോധവത്കരണം നടത്തി. പാതവക്കിലെ മീൻ വിൽപ്പന സംബന്ധിച്ച് വ്യാഴാഴ്ച മാതൃഭൂമി വാർത്ത കൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഉദുമ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം നടപടികളുമായി മുന്നോട്ടുവന്നത്. ഉദുമ പഞ്ചായത്ത് പ്രസിഡൻറ്‌ എൻ. ചന്ദ്രൻ നാലാം വാതുക്കൽ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എ. ആദിത്യൻ, ബേക്കൽ ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ റോഡുവക്കിലെ മീൻവിൽപ്പന അവസാനിപ്പിക്കാനുള്ള നടപടികളിൽ പങ്കെടുത്തു.

ജീവനക്കാർ പ്രതിഷേധിച്ചു

ഉദുമ : പാതയോരത്തെ മത്സ്യ വിൽപ്പന തടയാനെത്തിയ സംഘത്തിലുണ്ടായിരുന്ന ഉദുമ പഞ്ചായത്ത് സെക്രട്ടറിയോട് ഭരണകക്ഷിയിലെ പഞ്ചായത്ത് അംഗം അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനം നടത്തി. ഉദുമ പഞ്ചായത്ത് സെക്രട്ടറിയോട് പാലക്കുന്ന് വാർഡ് അംഗം അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും പൊതുസ്ഥലത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതടക്കമുള്ളത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഉദുമ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി.

ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഓഫീസിനുള്ളിൽ ഭയരഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്.