ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

കാഞ്ഞങ്ങാട് : മൂന്നുദിവസംത്തെ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് പുസ്തകനഗരി ഒരുങ്ങി. കൊവ്വൽപ്പള്ളിക്ക് സമീപമുള്ള മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പുസ്തകോത്സവം നടക്കുന്നത്. മാതൃഭൂമി ബുക്സ് ഉൾപ്പെടെ സംസ്ഥാനത്തെ 57 പ്രസാധകരുടെ സ്റ്റാളുകൾ പുസ്തകോത്സവനഗരിയിലുണ്ടാകും. വെള്ളിയാഴ്ച രാവിലെ 10.30-ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയാകും. ഫാഷിസത്തിനെതിരെ അക്ഷര പ്രതിരോധം എന്ന വിഷയത്തിൽ കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തും. പുസ്തകങ്ങളുടെ പ്രകാശനം, വായനക്കളരിയിൽ കൈയെഴുത്ത് മാസികകൾ തയ്യാറാക്കിയവർക്കുള്ള അനുമോദനം എന്നിവയും നടക്കും. വൈകിട്ട് അഞ്ചിന് നാടകപ്രവർത്തകൻ വി. ശശി അനുസ്മരണ സമ്മേളനം ചേരും. 6.30-ന് തിയേറ്റർ ബാവുൽ അവതരിപ്പിക്കുന്ന മാഹേന്ദ്രം നാടകം അരങ്ങേറും.
വിപുലമായ പവലിയനുമായി മാതൃഭൂമി ബുക്സ്
: പുസ്തകോത്സവ നഗരിയിൽ മാതൃഭൂമി ബുക്സ് ഏറ്റവും പുതിയ പുസ്തകങ്ങളുമായി വിപുലമായ പവലിയനാണ് പുസ്തകപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ വയലാർ പുരസ്കാരം ലഭിച്ച ആർ. രാജശ്രീയുടെ ആത്രേയകം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവൽ മാതംഗലീല, സാറാ ജോസഫിന്റെ ഓപ്പറ ബോക്സ്, പി.വി. ഷാജികുമാറിന്റെ മരണവംശം. ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ബാബു അബ്രഹാമിന്റെ കമ്പിളി കണ്ടത്തെ കൽഭരണികൾ, അരലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ജോസഫ് അന്നംകുട്ടി ജോസിന്റെ ആരും കാണാത്ത യുദ്ധങ്ങൾ ഉൾപ്പെടെ വായനക്കാർ ഏറ്റവുമധികം ചർച്ച ചെയ്ത മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരണം മാതൃഭൂമി സ്റ്റാളിൽ ലൈബ്രറികൾക്കും പുസത്ക പ്രേമികൾക്കുമായി ഒരുക്കിയിട്ടുണ്ട്. സ്നോ ലോട്ടസ്, മരിയ വെറും മരിയ, റൂത്തിന്റെ പുസ്തകം, എം.ടി.യുടെ ജീവിതകഥ, തെയ്യപ്രപഞ്ചം, സത്യത്തിന്റെ സാക്ഷി എന്നിങ്ങനെ നോവൽ, കഥ, ആത്മകഥ, ബാലസാഹിത്യം വിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. 25-നാണ് പുസ്തകോത്സവം സമാപിക്കുക. ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും പുറമേ പൊതുജനങ്ങൾക്കും വിലക്കിഴിവോടെ വാങ്ങാനുള്ള സുവർണാവസരമാണ് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേളയിലൂടെ ഒരുക്കിയിരിക്കുന്നത്. സ്റ്റാളുകൾ രാവിലെ ഒൻപതുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തിക്കുക. ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും 35 ശതമാനം വിലക്കിഴിവുണ്ടാകും.