വിവാദം സൃഷ്ടിക്കുന്നത് രാഹുൽ ഗാന്ധിയുടെ വിനോദം -എം.ടി. രമേശ്

കാസർകോട് : വിവാദങ്ങൾ സൃഷ്ടിക്കുന്നത് രാഹുൽ ഗാന്ധിയുടെ വിനോദമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സേവ് ഡെമോക്രസി ഫോറം സംഘടിപ്പിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടർപട്ടിക ഒന്നാകെ മാറ്റിമറിക്കാൻ രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് സാധിക്കില്ല.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്‌തെന്നുൾപ്പെടെയുള്ള പ്രചാരണങ്ങൾക്ക് തെളിവില്ലാതെ വന്നതോടെയാണ് ഇപ്പോൾ ഗ്യാനേഷ് കുമാറിനെതിരെ സമരവുമായെത്തിയത്. ഇതിനു മുൻപുനടന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ മാതൃക ഗ്യാനേഷ് കുമാർ മാറ്റിയിട്ടില്ല. പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെല്ലാം ആധാർ കാർഡ് കൈവശമുള്ള ബംഗ്ലാദേശികളായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണ് കുടുംബത്തിലെ മുൻതലമുറക്കാരുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നോയെന്നു പരിശോധിച്ചത്.

കേരളമുൾപ്പെടെ ബി.ജെ.പി.ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുണ്ട്. ആർക്കും അതിൽ പരാതിയില്ല. വ്യാജപ്രചാരണങ്ങൾ വിലപ്പോകാത്തതിലുള്ള അസഹിഷ്ണുതയാണ് ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനു പിന്നിൽ -അദ്ദേഹം പറഞ്ഞു.

സേവ് ഡെമോക്രസി ഫോറം ജില്ലാ കോഡിനേറ്റർ എം.എൽ. അശ്വിനി അധ്യക്ഷയായി. സഹകാർ ഭാരതി സംസ്ഥാന അധ്യക്ഷൻ ​െക. കരുണാകരൻ നമ്പ്യാർ മോഡറേറ്ററായി.

മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.പി. അഹമ്മദ്, ബി.ജെ.പി. സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ, എഴുത്തുകാരനായ സുകുമാരൻ പെരിയച്ചൂർ, പി.ആർ. സുനിൽ, സുകുമാരൻ കുദ്രെപ്പാടി എന്നിവർ സംസാരിച്ചു.