കളക്ടറേറ്റ് വളപ്പിലെ കെട്ടിടങ്ങളിലേക്ക് പടർന്നുകയറിയ കാടുകൾ വെട്ടിനീക്കിത്തുടങ്ങി

വിദ്യാനഗർ : ജില്ലയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റ് വളപ്പിനകത്തെ വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ പടർന്ന് കയറിയിരുന്ന കാടും കാട്ടുവള്ളികളും വെട്ടി നീക്കിതുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കാടുകൾ വെട്ടിമാറ്റി തുടങ്ങിയത്. കാടുകൾ പടർന്നുകയറി വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ താവളമാക്കിയതിനെ തുടർന്ന് പൊതുജനങ്ങളിലും ജീവനക്കാരിലും ഭീതി ഉയർത്തുന്നത് സംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞ ഏഴിന് വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്നാണ് കാടുകളും കാട്ടുവള്ളികളും വെട്ടിമാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്. പല കെട്ടിടങ്ങളുടെയും പിറകുഭാഗം കാടുവിഴുങ്ങി ഏറെ ശോച്യാവസ്ഥയിലാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകൾ എത്തുന്ന കളക്ടറേറ്റ് വളപ്പിൽ ശുചിത്വവും പരിപാലനവും പാടെ താളംതെറ്റിയെന്ന് ജീവനക്കാരും പൊതുജനങ്ങളും പറഞ്ഞുതുടങ്ങിയിരുന്നു. കാന്റീൻപരിസരം പൂർണമായും കുറ്റിക്കാടുകൾ നിറഞ്ഞുകിടന്ന നിലയിലായിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന 12 ഷട്ടറുകളുള്ള ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾഭാഗത്തുവരെ വലിയരീതിയിൽ കാട് വളർന്നുകിടന്നിരുന്നു. മഴക്കാലത്ത് പരിസരങ്ങളെല്ലാം കാട് വളർന്നതോടെ വിഷപാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം വർധിച്ചിരുന്നു. കെട്ടിടങ്ങളുടെ ചുമരുകളിൽ വള്ളികൾ പടരുന്നത് ഈർപ്പം കയറുന്നതിനും പ്ലാസ്റ്റർ അടർന്ന് വീഴുന്നതിനുമുള്ള സാധ്യതയും ഏറെയായിരുന്നു. കാടും കാട്ടുവള്ളികളും പൂർണമായും നീക്കംചെയ്ത് സ്ഥിരം പരിപാലന സംവിധാനം വേണമെന്നും വിവിധ വൻകിട സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് ഉപയോഗപ്പെടുത്തി കളക്ടറേറ്റും പരിസരവും സൗന്ദര്യവത്കരിക്കുന്നതിന് നടപടിവേണമെന്നും പൊതുജനങ്ങളും ജീവനക്കാരും ആവശ്യപ്പെടുന്നു.