13,000 രൂപ ലാഭിക്കാൻ നോക്കി; പിടി വീണപ്പോൾ 1.71 ലക്ഷം വീതം അടച്ച് തടിയൂരി

നികുതിയടയ്ക്കാതെ അതിർത്തി കടന്ന ടൂറിസ്റ്റ് ബസുകളിൽ നിന്ന് പിഴയീടാക്കി
ഉദുമ : കേരള അതിർത്തി കടന്ന കർണാടകത്തിൽനിന്നുള്ള വാഹനങ്ങൾ 13,000-ത്തോളം രൂപ ലാഭിക്കാൻ നികുതിയടച്ചില്ല. അങ്ങനെ പിടിയിലായ വാഹനങ്ങൾ തിരിച്ചുകൊണ്ടുപോകാൻ അടച്ചത് 1.71 ലക്ഷം രൂപ വീതം. ചെക്ക് പോസ്റ്റ് നികുതിയടയ്ക്കാതെ കർണാടകയിൽനിന്ന് വിനോദസഞ്ചാരികളുമായി ബേക്കൽ കോട്ടയും അനന്തപുരം തടാകക്ഷേത്രവും കാണാനെത്തിയവരെ കൊണ്ടുവന്ന അഞ്ച് ടൂറിസ്റ്റ് ബസുകളാണ്, കാസർകോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്.
50 പേർക്കിരിക്കാവുന്ന ആറ് കർണാടക രജിസ്ട്രേഷനിലുള്ള ബസുകളാണ് വെള്ളിയാഴ്ച രാവിലെ തലപ്പാടി ചെക്പോസ്റ്റ് കടന്നത്. ഇതിൽ ഒരെണ്ണം മാത്രം ഒരാഴ്ചത്തേക്കുള്ള താത്കാലിക പെർമിറ്റിന് തുകയടച്ചിരുന്നു. 13,000-ഓളം രൂപ അടച്ച് ഏഴുദിവസത്തേക്ക് ഓൺലൈനിൽ എടുക്കാവുന്ന പെർമിറ്റില്ലാതെ അഞ്ച് ടൂറിസ്റ്റു ബസുകൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സ്ക്വാഡ് അഞ്ച് വാഹനങ്ങളെയും ബേക്കലിൽ തടഞ്ഞ്, തുകയടയ്ക്കാൻ നോട്ടീസ് നൽകുകയായിരുന്നു.
അതിർത്തി കടക്കും മുൻപാണ് ഒരാഴ്ചത്തേക്ക് പെർമിറ്റ് എടുക്കുന്നതെങ്കിൽ ത്രൈമാസ ടാക്സിന്റെ പത്തിലൊരുഭാഗവുംമറ്റു ചെലവുകളും മതിയാകും.അനധികൃതമായി അതിർത്തി കടന്നാൽ മൂന്നുമാസത്തെ നികുതി മുഴുവനും അതിനൊപ്പം പിഴയും അനുബന്ധ ചെലവുകളുമെല്ലാം ഒറ്റത്തവണയായി തന്നെ ഓൺലൈനായി അടക്കണം. അതിനാലാണ് 13,000-ത്തോളം അടയ്ക്കേണ്ടിടത്ത് 1.71 ലക്ഷത്തിലേക്ക് എത്തിയത്.
കാസർകോട് സ്ക്വാഡിലെ എം.വി.ഐ. കെ. ദിനേശൻ, എ.എം.വി.ഐ. ഇ.പി.ഹാരിസ്, ഡ്രൈവർ കെ.മനോജ് കുമാർ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. വൈകുന്നേരത്തോടെ പിഴയടച്ച വാഹനങ്ങൾവിട്ടുകൊടുത്തു. ആകെ 8.57 ലക്ഷം രൂപ പിഴയീടാക്കി.
നിയമമനുസരിച്ച് അതിർത്തി കടന്ന വാഹനം മംഗളൂരുവിലേക്ക് ട്രിപ്പടിച്ചു
കുട്ടികളുമായി മൈസൂരുവിൽനിന്ന് വന്ന ബസുകളാണ് മോട്ടോർവാഹന വകുപ്പിന്റെ പിടിയിലായത്. ചെക്പോസ്റ്റ് നികുതിയടയ്ക്കേണ്ട തുകയുമടക്കമാണ് ഇവരിൽനിന്ന് വാഹന ഉടമകൾ വാടകയായി വാങ്ങിയിരുന്നത്. നികുതി അടയ്ക്കാത്തതിനാൽ ബസുകളെ, സ്ക്വാഡ് ബേക്കൽ കോട്ടയ്ക്കരികിലെ പാർക്കിങ് സ്ഥലത്ത് തടഞ്ഞിട്ടു. ഇതോടെ കുട്ടികൾ പെരുവഴിയിലായി. അപ്പോഴാണ് കുട്ടികളെയും കൊണ്ട് നികുതിയടച്ച ബസ് മംഗളൂരുവിലേക്ക് പലവട്ടം ട്രിപ്പടിച്ചത്.മംഗളൂരുവിൽനിന്ന് കുട്ടികൾക്ക് പോകാൻ ബദൽ സംവിധാനമേർപ്പെടുത്തിയതായും വിവരമുണ്ട്.