എവിടെ മാസ്റ്റർ പ്ലാൻ?

വാഹനത്തിരക്കിൽ ശ്വാസംമുട്ടി കുറ്റിക്കോൽ ടൗൺ; 7.68 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങി

കുറ്റിക്കോൽ : അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മലയോരമേഖലയിലെ പ്രധാന വ്യാപാരകേന്ദ്രമായ കുറ്റിക്കോൽ ടൗൺ രൂക്ഷമായ ഗതാഗതക്കുരുക്കിൽ. ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന ടൗണിൽ ഗതാഗതപ്രശ്നം രൂക്ഷമായിട്ടും സമഗ്രമായ ടൗൺ വികസനപദ്ധതി ഇനിയും യാഥാർഥ്യമായില്ല. കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ പദ്ധതി നടപടികൾ ടെൻഡർ ഘട്ടത്തിലെത്തിയിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനം നിലച്ച നിലയിലാണ്.

കുറ്റിക്കോൽ ടൗൺ വികസനം, ബന്തടുക്ക ടൗൺ റോഡ് നവീകരണം, പുളിഞ്ചാൽ പാലം പുനർനിർമാണം, പള്ളത്തിങ്കാൽ റോഡ് ടാറിങ് എന്നിവ ഉൾപ്പെടുന്ന 7.68 കോടി രൂപയുടെ പദ്ധതിയാണിപ്പോൾ കടലാസിൽ വിശ്രമിക്കുന്നത്. ഇതിൽ രണ്ടുകോടിയോളം രൂപയാണ് കുറ്റിക്കോൽ ടൗൺ വികസനത്തിനായി മാറ്റിവച്ചത്.

കെ.ആർ.എഫ്.ബി. അടങ്കൽ തയ്യാറാക്കിയ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തുടർനടപടി ഉണ്ടായില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ കിഫ്ബി മുഖാന്തിരം പുതിയ പദ്ധതികൾ ഏറ്റെടുക്കാത്തതാണ് ടെൻഡർ നടപടികൾ നിർത്തിവെക്കാൻ കാരണമായതായത്.

മാസ്റ്റർ പ്ലാൻ വേണം

നാല് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന കേന്ദ്രമാണ് കുറ്റിക്കോൽ ടൗൺ. സർക്കാർ, പൊതുമേഖലാ സ്ഥാപനളും നിരവധി സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളും സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളും ടൗണിലുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും വർധിക്കുകയാണ്. ടൗണിൽ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. ഏത് വാഹനം ആദ്യം കടക്കുമെന്ന ആശയക്കുഴപ്പത്തിൽ കവലയുടെ മധ്യഭാഗത്ത് വാഹനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതും പതിവാണ്. മറുവശത്തുനിന്ന് വരുന്ന വാഹനങ്ങൾ പലപ്പോഴും ശ്രദ്ധയിൽപ്പെടാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.

മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. വാഹന പാർക്കിങ്ങിനും മീൻ മാർക്കറ്റിനും പ്രത്യേക സംവിധാനം, മതിയായ ഡ്രൈനേജ്, ബസ് കാത്തിരിപ്പ് കേന്ദ്രം, ട്രാഫിക് സർക്കിൾ തുടങ്ങിയവ ഉൾപ്പെടുത്തി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകടം കുറയ്ക്കാൻ ട്രാഫിക് സർക്കിളും

റോഡിന്റെ വീതി കൂട്ടി കവലയുടെ മധ്യഭാഗത്ത് ട്രാഫിക് സർക്കിൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന ആവശ്യം. കവലയിൽ ആശയക്കുഴപ്പത്തോടെ നിൽക്കുന്ന വാഹനങ്ങളെ മറ്റ് വാഹനങ്ങൾ മറികടക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രാഫിക് സർക്കിൾ നിർമിക്കുന്നത് ഇതിന് പരിഹാരമാകുമെന്നാണ് ഇവരുടെ അഭിപ്രായം.

പഞ്ചായത്ത് ഓഫീസ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറും സ്ഥാപിക്കണമെന്നാണ് ആവശ്യം. അടുത്തകാലത്തായി നിരവധി അപകടങ്ങളാണ് ഈ കവലയിൽ ഉണ്ടായത്.

രണ്ട് വിദ്യാർഥികൾക്ക് കൈയ്ക്കും കാലിനും പരിക്കേറ്റ് മാസങ്ങളോളം വിശ്രമിക്കേണ്ടിവന്നു. മറ്റൊരു അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുറ്റിക്കോൽ സ്വദേശി ഇപ്പോഴും ചികിത്സയിലാണ്.