പരപ്പയിൽ ബസ്‌സ്റ്റാൻഡ്വേണമെന്ന ആവശ്യം ശക്തം

പരപ്പ : ബസ് നിർത്തിയിടാൻ സൗകര്യമില്ലാത്തത് പരപ്പയിൽ യാത്രക്കാരെയും ബസ് ജീവനക്കാരെയും വലയ്ക്കുന്നു.

താഴെ പരപ്പയിൽ റോഡ് വക്കിലാണ് പതിറ്റാണ്ടുകളായി ബസുകൾ പാർക്ക് ചെയ്യുന്നത്. ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങൾ പ്രതിഷേധിച്ചതോടെ ബസുടമകൾ വിഷമത്തിലായി.

കച്ചവടസ്ഥാപനങ്ങൾക്കുമുമ്പിൽ ഏറെനേരം ബസ് നിർത്തിയിടുന്നത് കച്ചവടത്തെ ബാധിക്കുന്നതാണ് വ്യപാരികളുടെ പരാതി. സ്കൂൾ കവലയിലും പരിസരത്തുമാണ് കഴിഞ്ഞദിവസങ്ങളിൽ ബസുകൾ നിർത്തിയിട്ടത്.

കാഞ്ഞങ്ങാട്ടുനിന്നള്ള വ്യാപാരികളാണ് എഴുപത് വർഷം മുമ്പ് താഴെ പരപ്പയിൽ കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയത്.

പിന്നീട് ഇവിടം മലനാട്ടിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായി. 1965 മുതൽ ചെമ്മൺപാതയിലൂടെ ഇവിടേക്ക് സ്വകാര്യ ബസ് വരുന്നുണ്ട്. അന്നുമുതൽ ബസ് നിർത്തിയിടുന്നത് താഴെ പരപ്പയിലാണെന്ന് ബസ് ജീവനക്കാർ പറയുന്നു.

ആദ്യം പുറപ്പെടുന്ന ഒരു ബസ് മാത്രം അഞ്ചുമിനിറ്റ് നിർത്തിയിടുന്നതിൽ എതിർപ്പില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.

ഒന്നിലധികം ബസുകൾ നിരത്തിയിടുന്നതാണ് പ്രശ്നം. ഈ നിലപാടിനെതിരാണ് ബസ് ജീവനക്കാർ. പഴയതുപോലെ തുടരാന് അനുവദിക്കുന്നില്ലെങ്കിൽ പരപ്പയിൽ വന്നുപോകുന്ന ബസുകൾ സ്കൂൾ കവലയിൽ സർവീസ് അവസാനിപ്പിച്ച് പ്രതിഷേധിക്കുമെന്ന്് ഇവർ പറഞ്ഞു.

ദീർഘദൂരം ഉൾപ്പെടെ അറുപതിലധികം ബസ് സർവീസ് പരപ്പ വഴിയുണ്ട്. ഇതിൽ ഇവിടെ വന്നുപോകുന്നത് പതിനഞ്ചോളം ബസുകളാണ്.

മലനാട്ടിലെ ഏറ്റും വലിയ കച്ചവടകേന്ദ്രത്തോട് അധികൃതർ അവഗണന കാട്ടുന്നുവെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. സ്കൂൾ കവലയിൽനിന്ന്‌ നൂറുമീറ്റർ മാത്രം അകലെ സൗജന്യമായി സ്ഥലം ലഭിച്ചിട്ടും ഇതുവരെ ബസ്‌സ്റ്റാൻഡ് നിർമിക്കാത്തതിൽ പ്രതിഷേധത്തിലാണിവർ. വ്യാപാരികൾക്കും ഡ്രൈവർമാർക്കും ഇതിൽ പരാതിയുണ്ട്. പത്തുവർഷം മുമ്പ് ലഭിച്ച സ്ഥലത്ത്് ബസ്‌സ്റ്റാൻഡ് നിർമിക്കാൻ 80 ലക്ഷം രൂപയുടെ പദ്ധതി തുടങ്ങിയിട്ടുണ്ട്്.

എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഈ തുക മാറ്റിവെച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഓഗസ്റ്റ് ഒന്നിന് ഇതിന്റെ രൂപരേഖ പുറത്തിറക്കിയിരുന്നു. അടിയന്തരമായി നിർമാണം പൂർത്തിയാക്കി ടൗണിലെ ഗാതാഗതപ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പൊതുവിലുയരുന്ന ആവശ്യം.