പാർക്കിങ് പെയ്ഡ്, കച്ചവടം ഔട്ട്?

കാസർകോട്: നഗരസഭയുടെ കീഴിൽ കാസർകോട് കെ.പി.ആർ. റോഡിൽ പെയ്ഡ് പാർക്കിങ് സംവിധാനം ആരംഭിക്കുന്നതിൽ അതൃപ്തിയറിയിച്ച് സമീപത്തെ വ്യാപാരികൾ. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപത്തെ പാർക്കിങ് സ്ഥലമാണ് പെയ്ഡ് പാർക്കിങ്ങിനായി നഗരസഭ തിരഞ്ഞെടുത്തത്. ഇവിടം കൊരുപ്പുകട്ടകൾ പാകി നവീകരിച്ചത് അടുത്ത കാലത്താണ്. ഇത്രകാലവും സൗജന്യ പാർക്കിങ് സൗകര്യമുണ്ടായിരുന്നത് നഷ്ടപ്പെടുത്തരുതെന്നാണ് വ്യാപാരികളുടെ ആവശ്യം.
ചെറിയ സമയത്തേക്കുപോലും വാഹനങ്ങൾ നിർത്തിയിടുന്നതിന് പണം ഈടാക്കുന്നത് സമീപത്തെ കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. വാഹനം നിർത്തിയിടുന്നതിന് അധികം ചെലവുണ്ടാകുന്നത് ഇവിടത്തെ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇവർ. പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നതോടെ ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവരെല്ലാം നിശ്ചിത തുക നൽകേണ്ടി വരും. ഉപഭോക്താക്കൾക്ക് പുറമെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. റോഡിന്റെ ഒരുവശത്ത് മാത്രമാണ് വാഹനങ്ങൾ നിർത്തിയിടാൻ ആവശ്യത്തിന് ഇടമുള്ളത്. ഇത് നഗരസഭ സാമ്പത്തിക ലാഭമുണ്ടാക്കാൻ ഉപയോഗിക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം.
നഗരത്തിലെ മറ്റു ഭാഗങ്ങളൊന്നും തിരഞ്ഞെടുക്കാതെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള പാർക്കിങ് സ്ഥലം തിരഞ്ഞെടുത്തത് ലാഭം ലക്ഷ്യം വച്ചല്ലെന്ന് പറയാൻ കഴിയില്ല. സ്ഥിരമായി വാഹനം പാർക്ക് ചെയ്യേണ്ടവർ മുൻകൂട്ടി പണമടച്ചായാലും അത് തുടരും. ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാകും. പെയ്ഡ് പാർക്കിങ് വ്യാപാരികൾക്കും സമീപത്തെ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും മാത്രമാകും തിരിച്ചടിയാകുന്നത്- വ്യാപാരികൾ പറഞ്ഞു.
അതേസമയം എം.ജി. റോഡിൽ നടപ്പാതയോടു ചേർന്ന് വാഹനങ്ങൾ തിക്കിത്തിരക്കി നിർത്തിയിടുന്നത് പതിവാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ നഗരസഭ ഇടപെട്ടിട്ടില്ലെന്നും പകരം എട്ടുമാസം മുൻപ് റോഡരികിൽ വാഹനം നിർത്തിയിടാൻ ഇടം വരച്ചുനൽകുകയായിരുന്നെന്നും സമീപവാസികൾ ആരോപിച്ചു.
നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് പെയ്ഡ് പാർക്കിങ് സംവിധാനം കൊണ്ടുവരുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.എം.ഹനീഫ് പറഞ്ഞു. നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇത് നടപ്പാക്കും. അനധികൃത പാർക്കിങ്ങും നടപ്പാതയോട് ചേർന്ന് ഉന്തുവണ്ടികളിൽ നടത്തുന്ന കച്ചവടവും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.