ആരും തിരിഞ്ഞുനോക്കാനില്ലാതെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ

നീലേശ്വരം : ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയുടെ പടുകുഴിയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാംസ്ഥാനത്ത് നിൽക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഈ ദുർഗതി. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമും സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന നീലേശ്വരം മേൽപ്പാലത്തിന്റെ താഴെയുള്ള ഭാഗവുമെല്ലാം തെരുവുനായക്കൂട്ടം കൈയടക്കിയ നിലയാണ്.

രണ്ടാം പ്ലാറ്റ്‌ഫോമിൽ നിർബാധം വിഹരിക്കുകയാണ് തെരുവുനായ്ക്കൾ. ആളില്ലെങ്കിൽ ഇരിപ്പിടങ്ങളിലും ഇവയെ കാണാം. ഇരിപ്പിടങ്ങൾക്ക് കീഴെയാണ് ഇഷ്ടപ്പെട്ട വിശ്രമസ്ഥലം. കൂട്ടത്തോടെയെത്തി യാത്രക്കാരിൽനിന്ന് ആഹാരസാധനങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിച്ച അനുഭവങ്ങളുമുണ്ട്. സ്റ്റേഷൻ റോഡ് നവീകരണത്തിനായി മേൽപ്പാലത്തിനടിയിൽ കൂട്ടിയ നിർമാണസാമഗ്രികളിലാണ് ഇവയുടെ വാസം. കോൺവെന്റ് കവലയിലും പാലക്കാട്ടുമെല്ലാം തമ്പടിച്ച നായ്ക്കൂട്ടവും റെയിൽവേ സ്റ്റേഷൻ റോഡിലേക്കും പ്ലാറ്റ്‌ഫോമിലേക്കുമെല്ലാം എത്താറുണ്ട്.

ഒന്നാം പ്ലാറ്റ്‌ഫോമിലെ ശൗചാലയം പൂട്ടി

ശൗചാലയം മാസങ്ങളായി പൂട്ടിക്കിടക്കുന്നതാണ് ഒന്നാംപ്ലാറ്റ്‌ഫോമിലെ ദുരിതം. മലയോരപഞ്ചായത്തുകളിൽനിന്നുൾപ്പെടെ ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണിത്. ദീർഘദൂരയാത്രക്കാരും മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ഇതുമൂലം ദുരിതത്തിലാണ്. യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ ലഭിക്കേണ്ട അടിസ്ഥാനസൗകര്യങ്ങൾപോലും ലഭിക്കുന്നില്ലെന്നത് വലിയ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ശൗചാലയം ഉടൻ തുറക്കണമെന്ന ആവശ്യവും ശക്തമാണ്.

അശാസ്ത്രീയം സ്റ്റേഷൻ റോഡ് നിർമാണം

കൊട്ടിഗ്‌ഘോഷിച്ച് തുടങ്ങിയ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണവും തഥൈവ. ഒരുമാസത്തിനകം തീർക്കാൻ നിശ്ചയിച്ച് സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പണി അതിവേഗം മുന്നേറിയെങ്കിലും വൈദ്യുതത്തൂണുകളും മരങ്ങളും പാർക്കിങ്ങിനായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾപോലും റോഡിൽ തന്നെയുണ്ടെന്നതാണ് സ്ഥിതി.

ഇവിടെ വർഷങ്ങൾക്ക് മുൻപ് നീലേശ്വരം റോട്ടറി ക്ലബ് ലക്ഷങ്ങൾ ചെലവിട്ട് ഏർപ്പെടുത്തിയ സൗകര്യങ്ങളെല്ലാം മണ്ണിലാക്കിയാണ് നവീകരണം തുടങ്ങിയത്. നീലേശ്വരം മേൽപ്പാലം മുതൽ റെയിൽവേ സ്റ്റേഷൻ കവാടം വരെയുള്ള റോഡ് വീതികൂട്ടി ഉയർത്തുന്നതാണ് ഈ പദ്ധതി. നവീകരണം പൂർത്തിയാകുമ്പോഴേക്കും വീതി കൂടിയ റോഡിൽ അപകടസാധ്യതയുയർത്തിയേക്കാവുന്ന വിളക്കുകാലുകളും തൂണുകളും മരങ്ങളും കോൺക്രീറ്റ് കുറ്റികളുമെല്ലാം നീക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തില്ലെങ്കിൽ രാത്രിയാത്രയും കാൽനടയാത്രയുമെല്ലാം ഒരുപോലെ അപകടത്തിലാകും.