വലിയപറമ്പ് ബീച്ച് ശുചീകരിച്ചു

വലിയപറമ്പ് : കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻ്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയുടെ (സി.എം.എൽ.ആർ.ഇ.) നേതൃത്വത്തിൽ സ്വച്ഛസാഗർ, സുരക്ഷിതസാഗർ 5.0 കാംപെയിന്റെ ഭാഗമായി പയ്യന്നൂർ ഫിഷറീസ് കോളേജ് അധ്യാപകരും വിദ്യാർഥികളും കാഞ്ഞങ്ങാട് ഗവ. ഫിഷറീസ് റീജണൽ ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസിലെ അധ്യാപകരും വിദ്യാർഥികളും വലിയപറമ്പ് ബീച്ച് ശുചീകരിച്ചു.
വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം.ടി. ബുഷ്റ ഉദ്ഘാടനം ചെയ്തു. ഓഷ്യൻ ബയോഡൈവേഴ്‌സിറ്റി ഇൻഫോർമേഷൻ സിസ്റ്റം ഫോർ ഇന്ത്യൻ ഓഷ്യൻസ് നോഡ് മാനേജറും സീനിയർ സയന്റിസ്റ്റുമായ ഡോ. എം. ഹാഷിം മുഖ്യാതിഥിയായി. വലിയപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. മനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷെരീഫ, കെ.പി. അബ്ദുൾ ഷുക്കൂർ, പഞ്ചായത്തംഗം പി.വി. ജനാർദനൻ, കാസർകോട് ഫിഷറീസ് ഓഫീസർ ആർ. വിഷ്ണു, കോളേജ് ഓഫീസർ ഇൻ ചാർജ് ഡോ. പി. ഡോണ, കോളേജ് വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി കോളിൽ ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. കടൽത്തീര ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളും കടൽജീവികളിൽ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിലും വളർന്നുവരുന്ന തലമുറയിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്.