കമ്പല്ലൂർ നിവാസികൾക്ക് വെള്ളം ലഭിക്കാൻ ഇനിയെത്രകാലം

കമ്പല്ലൂർ : പതിനാലുവർഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാൻ തങ്ങൾ എത്രകാലം കാത്തിരിക്കണമെന്ന് കമ്പല്ലൂർ നിവാസികൾ ചോദിക്കുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 15, 16 വാർഡുകളിൽ ഉൾപ്പെട്ട ചെരുവപ്പാടി, അമ്പേച്ചാൽ നിടുങ്കല്ല് പ്രദേശങ്ങളിലെ (കമ്പല്ലൂർ) നൂറിലധികം വീട്ടുകാരുടെ ചോദ്യമാണിത്.

2012-ലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 34 കോടിയായിരുന്നു നിർമാണച്ചെലവ്. 2399 വീട്ടുകാർക്ക് കുടിവെള്ള മെത്തിക്കാനാണ് ലക്ഷ്യമിട്ടത്. 2013-ൽ ഉപഭോക്തൃവിഹിതമായി 2000 മുതൽ 4000 രൂപവരെ വീട്ടുകാർ നൽകിയിട്ടുണ്ട്. 2022-ൽ പണി പൂർത്തിയായതായി ജലനിധി അറിയിക്കുകയും പ്രവൃത്തിയിൽനിന്ന്‌ പിൻമാറുകയും ചെയ്തു. 600 വീട്ടുകാർക്ക് കുടിവെള്ളം നൽകാനെ ജലനിധിക്ക് കഴിഞ്ഞിരുന്നുള്ളു. 2024 പദ്ധതി ജൽ ജീവൻ ഏറ്റെടുക്കുകയും 24 കോടി അനുവദിക്കുകയും ചെയ്തു. രണ്ടു വർഷം കഴിഞ്ഞിട്ടും നിർമാണ ജോലി ഇഴഞ്ഞു നീങ്ങുന്നു. 700 പേർക്ക് കുടിവെള്ളമെത്തിക്കാൻ ജൽ ജീവന് കഴിഞ്ഞുള്ളു.

14 വർഷം കഴിഞ്ഞിട്ടും കമ്പല്ലൂർ സ്കൂൾ പരിസരത്തെയും (ചെരുവപ്പാടി), അമ്പേച്ചാൽ ഭാഗത്തെയും 100 ലധികം വീട്ടുകാർക്ക് ഒരു തുള്ളി വെള്ളം പോലും പദ്ധതിയിൽ നിന്ന് ലഭിച്ചിട്ടില്ല. റോഡ് നിർമാണ സമയത്ത് പെപ്പ് പൊട്ടിയതാണ് വിതരണം തടസ്സപ്പെടാൻ കാരണം. 2026 ഏപ്രിലിൽ മാതൃഭൂമി നൽകിയ വാർത്തയെ തുടർന്ന് സ്കൂൾ പരിസരത്ത് പി.വി.സി പെപ്പുകൾക്ക് പകരം ജി.ഐ. പെപ്പുകൾ സ്ഥാപിച്ചു. എന്നാൽ വീടുകളിലേക്ക് വെള്ളം വിതരണം ചെയ്യാനുള്ള പൈപ്പുകളും ടാപ്പുകളും സ്ഥാപിക്കുന്നത് അനിശ്ചിതമായി നീളുകയാണ്.

കമ്പല്ലൂർ, അമ്പേച്ചാൽ ഭാഗത്ത് ടാപ്പുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നുണ്ടെന്നാണ് ജൽ ജീവൻ സീനിയർ ഓഫീസർ ശ്രീജിത്ത് അവകാശപ്പെടുന്നത്. ഏപ്രിലിൽ ജി.ഐ. പെപ്പ് സ്ഥാപിച്ചശേഷം പണി നിലച്ച അവസ്ഥയിലാണ്. ആറുമാസത്തിനുശേഷം രണ്ട് ദിവസം മുമ്പാണ് പണി പുനരാരംഭിച്ചത്. കമ്പല്ലൂർ ചെമ്മരങ്കയം റോഡിന്റെയും കമ്പല്ലൂർ ബഡൂർ റോഡിന്റെയും ഇരുവശങ്ങളിലുമുള്ള നിരവധി വീടുകളിൽ ടാപ്പ് സ്ഥാപിച്ചിട്ടില്ല. ചില വീടുകളിൽ വർഷങ്ങൾക്ക് മുമ്പ് ജലനിധി സ്ഥാപിച്ച ടാപ്പുകൾ ദ്രവിച്ച് ഉപയോഗശൂന്യമായിട്ടുണ്ട്.

പ്രധാന പൈപ്പിൽ ചോർച്ച വീടുകളിലേക്കുള്ള ടാപ്പുകളുടെ പണി പൂർത്തിയായാലും വെള്ളം ലഭിക്കാൻ സാധ്യത കുറവാണ്. കടുമേനിയിൽനിന്ന്‌ കമ്പല്ലൂരിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പെപ്പ് കാട്ടിപ്പൊയിൽ വർക്ക് ഷാപ്പിന് സമീപം പൊട്ടി വെള്ളം പാഴായി പോകുന്നുണ്ട്. പെരളം കമ്പല്ലൂർ കടുമേനി മെക്കാഡം റോഡിന്റെ മധ്യഭാഗത്താണ് കാട്ടിപ്പൊയിലിൽ വെള്ളം പാഴാകുന്നത്. അത് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതിക്കുവേണ്ടി കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ജൽ ജീവൻ അധികൃതർ പറഞ്ഞു. കമ്പല്ലൂർ സ്കൂൾ പരിസരത്ത് സ്ഥാപിച്ച ജി.ഐ. പെപ്പിൽ ഒരു സ്ഥലത്ത് ചോർച്ചമൂലം വെള്ളം പാഴാവുന്നുണ്ട്. അടുത്ത വേനലിലും കമ്പല്ലൂരിലും പരിസരത്തും വെള്ളം ലഭിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.