ബാറിനകത്തെ അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചു

ചെറുവത്തൂർ : ബാറിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന 50-കാരൻ മരിച്ചു. തിമിരി ചെമ്പ്രകാനത്തെ സി.വി.മൻസൂർ അലി (50)യാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ചെറുവത്തൂർ ഞാണങ്കൈയിൽ മൻസൂർ അലിക്ക് നാലംഗസംഘത്തിന്റെ മർദനമേറ്റത്.

മദ്യപിക്കുന്നതിനിടെ പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെ ബാറിന് മുൻവശത്തെ റോഡരികിലെ ഓവുചാലിൽ അബോധാവസ്ഥയിലാണ് പിന്നീട് മൻസൂർ അലിയെ കണ്ടത്. തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചന്തേര പോലീസ് ചെറുവത്തൂർ പയ്യങ്കിയിലെ സുൾഫിക്കർ, പിലിക്കോട് മട്ടലായിയിലെ എം.രതീഷ്, ചെറുവത്തൂരിലെ സുഹൈൽ, അക്ഷയ് എന്നിവർക്കെതിരേ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇതിൽ സുൾഫിക്കറെയും രതീഷിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇരുവരും റിമാൻഡിലാണ്.

മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതിനിടയിലാണ് മൻസൂർ അലി മരിച്ച വിവരമെത്തിയത്. ഇതേത്തുടർന്ന് ബുധനാഴ്ച വൈകിട്ട് ഡിവൈ.എസ്.പി. എം.വി.അനിൽകുമാറും സംഘവും ഞാണങ്കൈയിലെ ബാറിലെത്തി. മാനേജരിൽനിന്നും ജീവനക്കാരിൽനിന്നും വിവരം ശേഖരിച്ചു. മൻസൂർ അലി വീണുകിടന്ന സ്ഥലവും ബാറിന്റെ പരിസരവും പരിശോധിച്ചു. അടുത്തദിവസം ബാറിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കും. ചന്തേര പോലീസ് നേരത്തേ രജിസ്റ്റർചെയ്ത നരഹത്യാശ്രമ കേസ് കൊലപാതക കേസായി മാറുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. കെ.പി.ജുബൈരിയയാണ് മൻസൂർ അലിയുടെ ഭാര്യ. മക്കൾ: ഫാത്തിമ, മിൻഹ. സഹോദരൻ: നൗഷാദ്.