പോലീസ് ക്ലബിന്റെ 'ക്യാമറക്കണ്ണി'ലൂടെ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് ആക്രിക്കച്ചവടക്കാർക്ക് വില്പനനടത്തിയ മൂന്നംഗസംഘത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തങ്കയത്തിലെ ഷർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ മുഹമ്മദ് സാബിത്ത് (21), എ.ടി. ഫർവാസ് (21) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ അധ്യാപകൻ പി.വി. പ്രശോഭിന്റെ ബൈക്ക് ഈ സംഘം മോഷ്ടിച്ചത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബൈക്ക് നിർത്തിയിട്ടാണ് അധ്യാപകൻ ജോലിക്ക് പോയത്. രാത്രി തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാനുണ്ടായില്ല. ചന്തേര പോലീസ് നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബൈക്ക് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ബൈക്ക് അന്നൂരിലെ ആക്രിക്കടയിൽ വില്പനനടത്തിയതായും കണ്ടെത്തി.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് തൃക്കരിപ്പൂർ പോലീസ് ക്ലബ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറളാണ് മോഷ്ടാക്കളെ പിടികൂടാൻ വഴികാട്ടിയായത്. ക്യാമറയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞത് അന്വേഷണത്തിന് സഹായകരമായി.

തൃക്കരിപ്പൂർ പോലീസ് ക്ലബ് അംഗങ്ങളായ പ്രബേഷ് കുമാർ കെ. വൈക്കത്ത്, സജിത്ത് സി. പടന്ന, ശിവകുമാർ പള്ളിയത്ത്, ചന്തേര പോലീസ് സ്റ്റേഷനിലെ അമൽ രാമചന്ദ്രൻ, സുനിൽ കുമാർ എന്നിവർ പ്രതികളെ കണ്ടെത്തുവാൻ മുൻകൈയെടുത്ത്‌ പ്രവർത്തിച്ചു.

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ ഹെൽമെറ്റ് മോഷ്ടിക്കുന്നതും ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നതും വർധിച്ചതോടെയാണ് തൃക്കരിപ്പൂർ പോലീസ് ക്ലബ് കഴിഞ്ഞവർഷം നവംബറിൽ ക്യാമറകൾ സ്ഥാപിച്ചത്.

ക്യാമറയുടെ ഒരു ലിങ്ക് ചന്തേര പോലീസ് സ്റ്റേഷനിലും ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അടുത്തഘട്ടമായി റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തും ക്യാമറ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ് ക്ലബ്.