മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ ചെറുത്ത് തോൽപ്പിക്കും -ജോസഫ് വാഴക്കൻ

കാഞ്ഞങ്ങാട്ട് മുഖ്യ തപാൽ ഓഫീസിലേക്ക് ഡി.സി.സി. മാർച്ച്

കാഞ്ഞങ്ങാട് : ഈ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് തകർത്തുകളയാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴക്കൻ പറഞ്ഞു. എസ്.ഐ.ആറിൽ വൻ അട്ടിമറിക്ക് കൂട്ടുനിന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി.യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് തപാൽ കാര്യാലയത്തിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ടഗംങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിലപാടിനെതിരേ പലതവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ആ വിയോജനക്കുറിപ്പുകളെപോലും അവഗണിക്കുകയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്തത് -ജോസഫ് വാഴക്കൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, ബി.പി. പ്രദീപ്കുമാർ, സാജിദ്മൗവ്വൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഖജാൻജി ഡോ. കെ.വി ശശിധരൻ, ഡി.സി.സി. ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, മീനാക്ഷി ബാലകൃഷ്ണൻ, ടോമി പ്ലാച്ചേരി, മാമുനി വിജയൻ, കെ.പി പ്രകാശൻ, കെ.വി സുധാകരൻ, ഗീതാ കൃഷ്ണൻ, വി.ആർ.വിദ്യാസാഗർ, ധന്യാ സുരേഷ്, കെ.ബാലരാമൻ നമ്പ്യാർ, കെ.ഖാലിദ്, കെ.വാരിജാഷൻ, പി. കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ എന്നിവർ സംസാരിച്ചു.