ചരക്കുവാഹനങ്ങൾ ദേശീയപാതയിൽ

മുന്നറിയിപ്പും ജാഗ്രതാനിർദേശങ്ങളും ഗൗനിക്കുന്നില്ല

ചെറുവത്തൂർ : അപകടസാധ്യതാ മുന്നറിയിപ്പും ജാഗ്രതാനിർദേശവുമുണ്ടായിട്ടും ദേശീയപാതയിൽ ചരക്കുവാഹനങ്ങൾ നിർത്തിയിടുന്നതിൽ കുറവില്ല. ആറുവരിയായി വികസിപ്പിക്കുന്ന ദേശീയപാത 66-ൽ ചെറുവത്തൂർ, പിലിക്കോട് ഭാഗങ്ങളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ചെറുവത്തൂർ രാമക്ഷേത്രത്തിന് മുൻഭാഗത്തും വീരമലക്കുന്നിന് സമീപവും പിലിക്കോട് തോട്ടംഗേറ്റ് മേൽപ്പാലത്തിന് മുകളിലുമാണ് വാഹനങ്ങൾ രാത്രിയിൽ നിർത്തിയിടുന്നത്. വെള്ളിയാഴ്ച കയ്പമംഗലത്ത് ദേശീയപതായിലുണ്ടായ അപകടത്തിന് സമാനമായ അപകടം ചെറുവത്തൂരിലും പിലിക്കോട് സംഭവിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

നീലേശ്വരം-കാലിക്കടവ് റീച്ചിൽ ദേശീയപാതയുടെ പ്രവൃത്തി പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ പ്രവൃത്തി അതിവേഗത്തിലാണ്. ഓവുചാലുകളുടെയും സർവീസ് റോഡുകളുടെയും നിർമാണം മിക്കയിടത്തും പൂർത്തിയാകാനുണ്ട്. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ സർവീസ് റോഡിൽനിന്ന്‌ ആറുവരിപ്പാതയിലേക്ക് കയറനും ഇറങ്ങാനുമുള്ള വഴികൾ ഇടയ്ക്കിടെ മാറ്റുന്നുണ്ട്. ആറുവരിപ്പാതയിലൂടെ അനുവാദമില്ലാത്ത വാഹനങ്ങൾ അതിക്രമിച്ച് കടന്നുപോകുന്നുണ്ട്. വാഹനങ്ങളുടെ വേഗവും അശ്രദ്ധയും നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കാനുള്ള സാധ്യതയുണ്ട്.

പകൽ ചെറുവത്തൂർ മേൽപ്പാലത്തിന് താഴെ പോലീസ് പരിശോധന കർശനമാണ്. ഇരുചക്രവാഹനങ്ങളും മോഡിഫിക്കേഷൻ ചെയ്ത വാഹനങ്ങളും ചെങ്കല്ല്, മണ്ണ് കടത്ത് ലോറികൾ മാത്രമാണ് ഇവരുടെ വലയിൽ കുടുങ്ങുന്നത്. ചെക്ക് പോസ്റ്റ് വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ പിറകെ എം.വി.ഡി. സ്‌ക്വാഡുകളുടെ സാന്നിധ്യം. വെളിച്ചമില്ലാത്തതും അപകടസാധ്യതയുമുള്ള സ്ഥലങ്ങളിൽ നിർത്തിയുടുന്ന ചരക്ക് വാഹനങ്ങളിലും പോലീസിന്റെയും എം.വി.ഡി. സ്‌ക്വാഡിന്റെയും ശ്രദ്ധ പതിയണം. അപകടം സംഭവിച്ചിട്ട് ഓടിയെത്തിയിട്ട് കാര്യമില്ല. അപകടം സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം.