ജല അതോറിറ്റിയുടെ പൊട്ടിയ സിമന്റ് പൈപ്പുകൾ മാറ്റി

നാലുമാസത്തെ ജല ചോർച്ചയ്ക്ക് പരിഹാരം
വിദ്യാനഗർ : പടുവടുക്കം-കോപ്പ റോഡിൽ അങ്കണവാടിക്ക് എത്തുന്നതിന് മുമ്പ് നാലിടങ്ങളിൽ മാസങ്ങളായി കുടിവെളളം പാഴായികൊണ്ടിരുന്ന ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന സിമന്റ് പൈപ്പുകൾ തിങ്കളാഴ്ച മാറ്റി സ്ഥാപിച്ചു.
മാസങ്ങളായുള്ള ജലചോർച്ചയെ തുടർന്ന് നാട്ടുകാർ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊട്ടിയ പൈപ്പുകൾ മാറ്റാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘മാതൃഭൂമി’ തിങ്കളാഴ്ച ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട് ജല അതോറിറ്റി കാസർകോട് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ പൈപ്പുകൾ മാറ്റുന്നതിന് അടിയന്തര നിർദ്ദേശം നൽകുകയായിരുന്നു.
ശുദ്ധജലം പാഴാകുന്നത് കൂടാതെ റോഡിൽ ചെളിയും വെളളക്കെട്ടും രൂപപ്പെടുന്നതിനും റോഡിന്റെ തകർച്ചയ്ക്കും ഇടയാക്കിയിരുന്നു. മദ്രസയിലും സ്കൂളിലും പോകുന്ന കുട്ടികളുടെ വസ്ത്രത്തിലും വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതും പ്രയാസമുണ്ടാക്കിയിരുന്നു.
കാലപ്പഴക്കത്താൽ തകർന്ന സിമന്റ് പൈപ്പുകൾ നീക്കം ചെയ്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചതോടെ നാല് മാസത്തോളമായി തുടരുന്ന ജല നഷ്ടത്തിന് പരിഹാരമായി. പൈപ്പ് മാറ്റിയതോടെ പ്രദേശത്തെ കുടിവെള്ള വിതരണവും സാധാരണ നിലയിലായതായും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കുന്നതിന് കാലപ്പഴക്കം ചെന്ന പ്രദേശത്തെ സിമന്റ് പൈപ്പുകൾ മാറ്റി ഡക്റ്റയിൽ അയേൺ പൈപ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.