എന്നുതീരും ഇവരുടെ ആനപ്പേടി

കണ്ണാടിത്തോട്ടിൽ കൃഷിനശിപ്പിച്ചു
ബന്തടുക്ക : വനാതിർത്തികളിൽ താമസിക്കുന്നവരുടെ ആനപ്പേടി അകലുന്നില്ല. കർണാടക അതിർത്തി കേരളഗ്രാമം മാണിമൂലയിലാണ് ആന തുടർച്ചയായി ജീവനും സ്വത്തിനും ഭീഷണിയാകുന്നത്.
കണ്ണാടിത്തോട്, ചൂളംകല്ല്, കോയ്ത്തോട് പ്രദേശങ്ങളിൽ വ്യഴാഴ്ച പുലർച്ചെ ആന കൃഷിനശിപ്പിച്ചു. തെങ്ങ്, വാഴ, കവുങ്ങ്, പ്ലാവ്, റബ്ബർമരം തുടങ്ങിയവയാണ് നശിപ്പിച്ചവയിൽ ഭൂരിഭാഗവും.
കണ്ണാടിത്തോട് കെ. ശ്യാമളാ ചക്രപാണി, കെ. കാർത്ത്യായനി മോഹനൻ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം. ചൂളംകല്ല് പട്ടികവർഗ ഉന്നതിയുടെ സമീപമാണ് ആനയുള്ളത്. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ആനയിറങ്ങുന്നത് തടയാൻ ഇവിടങ്ങളിൽ സുരക്ഷാവേലി, കിടങ്ങ് എന്നിവയൊന്നും ഇല്ല. കർണാടക വനംവകുപ്പ് വർഷങ്ങൾക്കുമുൻപ് കിടങ്ങ് നിർമിച്ചിരുന്നുവെങ്കിലും മിക്കയിടങ്ങളിലും ഇതിൽ മണ്ണ് നിറഞ്ഞതിനാൽ ആനയ്ക്ക് എളുപ്പം കയറിയിറങ്ങാൻ സാധിക്കുന്നു. വനത്തിൽനിന്ന് ഗ്രാമങ്ങളിലേക്കുള്ള തോടുവഴിയും ആന കൃഷിയിടത്തിലെത്തുന്നുണ്ട്.
ചെറുതും വലുതുമായി മൂന്ന് ആനകൾ ഉള്ളതായി കർണാടക വനംവകുപ്പ് വാച്ചർ എം. ദേവപ്പ പറഞ്ഞു. ഇതേ ആനക്കൂട്ടം സമീപപ്രദേശമായ ശ്രീമല, ദർബടുക്കം, അഞ്ചനടുക്കം തുടങ്ങിയയിടങ്ങളിലും എത്തും എന്നാണ് ഇവിടത്തുകാർ ഭയക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കർണാടകയിലേക്കുള്ള ബന്തടുക്ക-സുള്ള്യ വനപാതയുടെ സമീപമാണ് ആനക്കൂട്ടമുള്ളത്. അതിനാൽ ഇതിലൂടെ പോകുന്ന യാത്രക്കാർ ശ്രദ്ധിക്കണം. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വനത്തിൽ ഏറെനേരം വാഹനം നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പധികൃതർ അറിയിച്ചു.