സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർ കൂടിവരുന്നത് അപകടകരം -സന്ദീപ് വാരിയർ

ചെറുവത്തൂർ : സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർ വർധിച്ചുവരുന്ന കാലത്ത് യഥാർഥ മാധ്യമപ്രവർത്തനം പ്രതിസന്ധിയിലാണെന്ന് സന്ദീപ് വാരിയർ എം.എൽ.എ. പറഞ്ഞു. ചെമ്പ്രകാനം ചിത്ര-ശില്പ കലാ അക്കാദമി ഹാളിൽ ചെറുവത്തൂർ മാധ്യമകൂട്ടായ്മ സംഘടിപ്പിച്ച സീനെറ്റ് ക്യാമറാമാൻ പ്രകാശൻ കുട്ടമത്ത് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന നിലയിലേക്ക് വർത്തമാനകാലത്ത് മാധ്യമപ്രവർത്തനം മാറിയിരുക്കുന്നു. മാധ്യമപ്രവർത്തകർ എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണവും അടുത്തകാലത്ത് കാണാൻ സാധിക്കുന്നുണ്ട്. കേരളത്തിൽ മാധ്യമരംഗത്ത് പ്രതിപക്ഷ ശബ്ദത്തിന് ഇടമുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകർ നാടിനോട് കൂറും സേവനമനോഭാവവുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശൻ കുട്ടമത്തിന്റെ സ്മരണയ്ക്കായി ചെറുവത്തൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ കർമശ്രേഷ്ഠ പുരസ്കാരം കായികപരിശീലകൻ കെ.സി.ഗിരീഷിന് സന്ദീപ് വാരിയർ എം.എൽ.എ. സമ്മാനിച്ചു.

ടി.രാജൻ അധ്യക്ഷനായി. കയ്യൂർ-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി.വി.ജാനകി മുഖ്യാതിഥിയായിരുന്നു. ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനിമോൾ, കയ്യൂർ-ചീമേനി ഗ്രാമപ്പഞ്ചായത്തംഗം ടി.പി.ധനേഷ്, ചിത്ര-ശില്പകലാ അക്കാദമി പ്രിൻസിപ്പൽ രവീന്ദ്രൻ തൃക്കരിപ്പൂർ, ദിജേഷ് പട്ടോട്, ജയൻജി, ഗംഗൻ ആയിറ്റി, അനിൽ നീലാംബരി, ഉറുമീസ് തൃക്കരിപ്പൂർ, രജീഷ് കുളങ്ങര എന്നിവർ സംസാരിച്ചു.