ബാഡൂർ എസ്.സി. വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു

ബാഡൂർ : പുത്തിഗെ ഗ്രാമപ്പഞ്ചായത്തിലെ ബാഡൂർ എസ്.സി. ഉന്നതിയിലെ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു. പട്ടികജാതി വികസനവകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരുകോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ബാഡൂർ നഗറിലെ 60 പട്ടികജാതി കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണം, കമ്യൂണിറ്റി ഹാളിന്റെ നവീകരണം, സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ജില്ലാ നിർമിതികേന്ദ്രത്തിനായിരുന്നു നിർവഹണച്ചുമതല.

എ.കെ.എം.അഷ്‌റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഉജംപദവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുഞ്ഞി, ജില്ലാപഞ്ചായത്തംഗം ജെ.എസ്.സോമശേഖര, ഐ.എ.സക്കീന, എം.അനിത, ബഷീർ കൊട്ടുടൽ, ബി.എം.ഹമീദ്, ശിവപ്പ റായ്, കെ.മനോഹരൻ, ടി.വി.ശരത്, പി.കെ.തിരുമലേഷ്, ബിന്ദു എന്നിവർ പങ്കെടുത്തു.