എൻഡോസൾഫാൻ ദുരിതബാധിതർക്കെല്ലാം ബി.പി.എൽ. കാർഡ് ഉറപ്പാക്കണം -കളക്ടർ

കാസർകോട് : ജില്ലയിലെ മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതരും ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ ശ്രീധന്യാ സുരേഷ് നിർദേശിച്ചു. ജില്ലയിൽ സുതാര്യവും സുശക്തവുമായ പൊതുവിതരണ സംവിധാനം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ജില്ലാതല വിജിലൻസ് സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും കൂടുതൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന വാർത്തയെത്തുടർന്ന് ജില്ലയിലെ പെട്രോൾപമ്പുകളിൽ പരിശോധന നടത്തി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും യോഗത്തിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തിൽ പാചകവാതക ലഭ്യതാ പ്രശ്നം നേരിട്ടപ്പോൾ ജില്ലാ, താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂമുകൾ ആരംഭിച്ച് ഹോട്ടലുകളിലേക്ക് ആവശ്യമായ ഗ്യാസ് സിലിൻഡറുകളുടെ ലഭ്യത ഉറപ്പുവരുത്തി.
പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതിനൊപ്പം ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി പൊതുവിതരണവകുപ്പ്, ലീഗൽ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സ്ക്വാഡ് രൂപവത്കരിച്ച് വിപണി പരിശോധനകൾ ഊർജിതമാക്കി. അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിലും മറ്റു വകുപ്പുകളുമായി ചേർന്ന് സംയുക്തമായും ജില്ലയിലെ അഞ്ച് മൾട്ടിപ്ലക്സ് തിയേറ്ററുകളിലും ആറ് മാളുകളിലും പരിശോധന നടത്തി. റേഷൻകടകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനുമായി റേഷനിങ് ഇൻസ്പെക്ടർമാർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും പുറമെ ജില്ലാ സപ്ലൈ ഓഫീസറും എല്ലാ മാസവും നേരിട്ട് പരിശോധനകൾ നടത്തുന്നുണ്ട്.
വിദൂരവനമേഖലകളിലും ഗോത്രവർഗ ഊരുകളിലും യാത്രാസൗകര്യം പരിമിതമായ കുടുംബങ്ങൾക്ക് ദീർഘദൂരം സഞ്ചരിക്കാതെ വാസസ്ഥലത്ത് നേരിട്ട് റേഷൻവിഹിതം എത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷൻകട' പദ്ധതി ബളാൽ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് എ.എ.വൈ. റേഷൻകാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതായും യോഗം വിലയിരുത്തി.
ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് വി. ജയമോൻ, ക്ലാർക്ക് കെ.വി. നിഖിൽലാൽ എന്നിവർ സംസാരിച്ചു.