കാട്ടാനകളെ തടഞ്ഞ് വേലി; രണ്ട് വർഷമായി ആനകൾ നാട്ടിലിറങ്ങിയില്ല

അഡൂർ : ഒരു പതിറ്റാണ്ടിലേറെ മലയോരജനതയുടെ ഉറക്കം കെടുത്തിയ കാട്ടാനശല്യത്തിന് പ്രതിരോധമൊരുക്കിയ സൗരോർജ തൂക്കുവേലി രണ്ടുവർഷം പിന്നിടുമ്പോൾ പയസ്വിനിക്കരയ്ക്ക് ആശ്വാസത്തിന്റെ നാളുകൾ. കാട്ടാനകളുടെ വരവ് തടഞ്ഞ വേലിയുടെ കരുത്തിനൊപ്പം അതിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന വനപാലകരുടെ നിരന്തരമായ പരിപാലനവും മലയോരജനതയുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.കാറഡുക്ക വനമേഖലയിൽ അവസാനമായി കാട്ടാനയിറങ്ങിയത് 2025 ജനുവരിയിലാണ്. അതിന് ആറുമാസം മുൻപ് ഒരു ഒറ്റയാൻ മുളിയാർ വനമേഖലയിലും എത്തിയിരുന്നു. പിന്നീട് പുലിയും കാട്ടുപോത്തും ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയപ്പോഴും കാട്ടാനശല്യത്തിൽനിന്നുള്ള മോചനത്തിന്റെ ആശ്വാസത്തിലായിരുന്നു നാട്ടുകാർ.കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആയിരത്തിലേറെ കുടുംബങ്ങൾക്ക് കാട്ടാനകളുടെ വരവ് വലിയ ദുരിതമായിരുന്നു. സന്ധ്യയാകുന്നതോടെ നാട്ടുവഴികൾ വിജനമാകും. റാവുത്തർ, കുട്ടിശ്ശങ്കരൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന കൊമ്പന്മാരായിരുന്നു ഏറെക്കാലം പയസ്വിനിക്കരയിൽ തമ്പടിച്ച് ഭീതിവിതച്ചത്. ഒരിക്കൽ 19 ആനകൾവരെ കാറഡുക്ക വനമേഖലയിൽ ഒരുമിച്ചെത്തിയിട്ടുണ്ട്.
കർണാടകയിൽനിന്നുള്ള ആനവരവിന് തടയിട്ട മാതൃക
കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം തേടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണസമിതി ആവിഷ്കരിച്ച പദ്ധതിയാണ് സൗരോർജ തൂക്കുവേലി. സിജി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ആശയത്തിന് തദ്ദേശസ്ഥാപനങ്ങളും വനംവകുപ്പും കൈകോർത്തതോടെ പദ്ധതി യാഥാർഥ്യമായി.ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ ആയിരത്തിലേറെ കർഷക കുടുംബങ്ങൾക്ക് ആശ്വാസമേകിയ പദ്ധതിയിൽ 27 കിലോമീറ്റർ നീളത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചു. 3.3 കോടി രൂപയായിരുന്നു ചെലവ്. വേലി പൂർത്തിയായതോടെ കർണാടക വനമേഖലയിൽനിന്നുള്ള കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് ഫലപ്രദമായ തടയാനായി.
വേലിയുടെ കരുത്ത്; വനപാലകരുടെ കരുതൽ
വേലിനിർമാണം പൂർത്തിയായെങ്കിലും തുടക്കത്തിൽ ചില ഭാഗങ്ങളിലൂടെ ആനകൾക്ക് മറികടക്കാൻ പഴുതുകളുണ്ടായിരുന്നു. തൂങ്ങിക്കിടക്കുന്ന വള്ളികൾ വകഞ്ഞുമാറ്റി ഒരു ഒറ്റയാൻ കഴിഞ്ഞവർഷം ജനുവരിയിൽ പാണ്ടി വനമേഖലയിലെത്തിയപ്പോഴാണ് വനപാലകർ പുതിയ പ്രതിരോധമാർഗം ആലോചിച്ചത്.വനത്തിനുള്ളിൽ നേരത്തേ സ്ഥാപിച്ച് ഉപേക്ഷിച്ച വേലിയുടെ കമ്പികൾ ശേഖരിച്ച് നിലവിലെ തൂക്കുവേലിയിൽ കുറുകെ രണ്ടുനിര കമ്പികൾ കൂടി സ്ഥാപിച്ചു. ഇതോടെ ആനകൾക്ക് വേലി മറികടക്കാനുള്ള സാധ്യത ഇല്ലാതായി. വേലിയിൽ തൊടുമ്പോൾ ഷോക്കേറ്റ് ആനകൾ പിന്തിരിയുന്നതായാണ് വനപാലകർ പറയുന്നത്.വർഷത്തിൽ നാലുതവണ അടിക്കാട് വെട്ടി വൃത്തിയാക്കുക, സൗരോർജ പാനലുകളും ബാറ്ററികളും കൃത്യമായി പരിശോധിച്ച് പരിപാലിക്കുക, വേലിയിൽ വൈദ്യുതി നിലനിർത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രതിരോധത്തിന്റെ വിജയരഹസ്യം. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്ന വനപാലകർക്ക് മലയോരജനതയുടെ വക നൂറിൽ നൂറ് മാർക്ക്.