വൈദ്യുതി മുടക്കം: മന്ത്രിക്ക് നിവേദനം നൽകി എം.എൽ.എ.

കാസർകോട് : ജില്ലയിലെ വിവിധ വൈദ്യുതി സെക്‌ഷൻ പരിധികളിൽ തുടർച്ചയായി രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിന് പരിഹാരംകാണണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങൾക്ക് പ്രയാസംസൃഷ്ടിക്കുന്നതായും ദൈനംദിന ജീവിതത്തെയും പഠനത്തെയും ആരോഗ്യ പരിചരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിൽ പറഞ്ഞു.

സാങ്കേതിക തടസ്സംമൂലമാണ് വൈദ്യുതി മുടങ്ങുന്നതെന്ന് അധികൃതർ വിശദീകരിച്ചു. എന്നാൽ ആവർത്തിച്ചുള്ള തടസ്സം ഒഴിവാക്കാൻ ശാശ്വത പരിഹാരം അനിവാര്യമാണെന്ന് എം.എൽ.എ. പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വൈദ്യുതിവിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.