കടവത്ത്-കോട്ടക്കുന്ന് റോഡ് യാത്ര ദുസ്സഹം

മൊഗ്രാൽപുത്തൂർ : ഗ്രാമപ്പഞ്ചായത്തിലെ കടവത്ത്-കോട്ടക്കുന്ന് റോഡ് തകർന്നതിനാൽ യാത്ര ദുസ്സഹം. 2018-ൽ അറ്റകുറ്റപ്പണികൾ തീർത്ത റോഡ് അധികൃതർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി. റോഡിലുടനീളം കുണ്ടും കുഴികളും നിറഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് കുഴികളിൽ മലിനജലം കെട്ടിനിന്ന്‌ കാൽനടയാത്രപോലും സാധ്യമാവുന്നില്ല. കാസർകോട്ടെയും മൊഗ്രാൽപുത്തൂർ, മൊഗ്രാൽ എന്നിവിടങ്ങളിലെയും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ കഷ്ടപ്പടുന്നത്.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകാലത്തും നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും റോഡ് ടാറിങ് പൂർത്തിയാക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടന്നില്ല. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡായ കടവത്ത് -കോട്ടക്കുന്ന് റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.