ജില്ലാ സ്കൂൾ കലോത്സവം: കാസർകോടിന് കലാകിരീടം

പെരിയ: ജില്ലാ സ്കൂൾ കലോത്സവത്തിൽ കാസർകോട് ഉപജില്ലയ്ക്ക് കലാകിരീടം. മേളയുടെ സമാപനംവരെ ഹൊസ്ദുർഗും കാസർകോടും ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ഫോട്ടോ ഫിനിഷിൽ വിജയം കാസർകോടിന്.
കാസർകോട് ഉപജില്ല 997 പോയിന്റ് നേടിയപ്പോൾ നിലവിലെ ജേതാക്കളായ ഹൊസ്ദുർഗ് ഉപജില്ല രണ്ട് പോയിന്റ് നഷ്ടത്തിൽ 995 പോയിന്റോടെ രണ്ടാം സ്ഥാനത്തായി. 888 പോയിന്റ് നേടിയ ചിറ്റാരിക്കാൽ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചെറുവത്തൂർ (871), കുമ്പള (864), ബേക്കൽ (857), മഞ്ചേശ്വരം (636) പോയിന്റുകൾ നേടി. സ്കൂൾതല പോയിന്റ് നില: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ (321), ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (209), ചട്ടഞ്ചാൽ ഹയർ സെക്കൻഡറി (201). പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുദിവസം നീണ്ടുനിന്ന മേള ശനിയാഴ്ച അർധരാത്രിവരെ നീണ്ടു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. ട്രോഫികൾ വിതരണംചെയ്തു.
നിധിൻ അന്ന് പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാർഥി;
ഇന്ന് പുരസ്കാരം സമ്മാനിച്ച പോലീസ് മേധാവി
കാഞ്ഞങ്ങാട്: വർഷം 2011. കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ടീമിനുവേണ്ടി പി. നിധിൻരാജ് ട്രോഫി ഏറ്റുവാങ്ങി. പ്രസംഗമത്സരത്തിലുൾപ്പെടെ എ ഗ്രേഡ് നേടി മിടുക്ക് കാട്ടിയ നിധിൻ ട്രോഫി വാങ്ങട്ടെയെന്ന് ദുർഗയുടെ കലോത്സവ ടീം തീരുമാനിക്കുകയായിരുന്നു. വർഷം 2026. പെരിയയിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ അഭിനന്ദിക്കാൻ ആദ്യമെത്തിയത് അതേ നിധിൻരാജ്. ആ വിദ്യാർഥി ഇന്ന് ജില്ലാ പോലീസ് മേധാവിയാണ്. സ്കൂൾ കലോത്സവത്തിലെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
Content Highlights: Kasaragod sub-district emerged champions at the Kasaragod District School Kalolsavam after a tight finish with Hosdurg.