ഗമനാഗമന ചടങ്ങ് പുനരാരംഭിച്ചു

മയ്യിച്ച വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനീകരും കമ്മിറ്റി ഭാരവാഹികളും വാല്യക്കാരും പാട്ടുത്സവം നടക്കുന്ന തുരുത്തി കഴകം നിലമംഗലം ഭഗവതിക്ഷേത്രത്തിലേക്കുള്ള യാത്ര
മയ്യിച്ച വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനീകരും കമ്മിറ്റി ഭാരവാഹികളും വാല്യക്കാരും പാട്ടുത്സവം നടക്കുന്ന തുരുത്തി കഴകം നിലമംഗലം ഭഗവതിക്ഷേത്രത്തിലേക്കുള്ള യാത്ര

ചെറുവത്തൂർ: 38 വർഷം മുമ്പ് നിലച്ച നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രവും മയ്യിച്ച വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രവും തമ്മിലുള്ള ഗമനാഗമന ചടങ്ങ് പുനരാരംഭിച്ചു. വയൽക്കര ഭഗവതിക്ഷേത്രം ആചാരസ്ഥാനീകരും കമ്മിറ്റിക്കാരും വാല്യക്കാരും ക്ഷേത്ര വിശ്വാസികളും ഞായറാഴ്ച സന്ധ്യയോടെ പാട്ടുത്സവം നടക്കുന്ന നിലമംഗലത്തെത്തി.

വയൽക്കര ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ പൂർവാചാര പ്രകാരം കാൽനടയാത്രയായി കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെത്തി തൊഴുതതിന് ശേഷമാണ് തുരുത്തി കഴകം നിലമഗംലത്ത് ഭഗവതി ക്ഷേത്രത്തിലെത്തിയത്. കഴകത്തിലെ ആചാരസ്ഥാനികരും കമ്മിറ്റിക്കാരും വാല്യക്കാരും ചേർന്ന് സ്വീകരിച്ചു. മയിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവ കളത്തിലരിയിടൽ ദിവസം നിലമംഗലം ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികരും കമ്മിറ്റിക്കാരും വാല്യക്കാരും മയ്യിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതിക്ഷേത്രത്തിലെത്തുന്നതോടെ ഗമനാഗമന ചടങ്ങ് പൂർത്തിയാകും.

വയൽക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല സ്വർണപ്രശ്‌നചിന്തയിലാണ് ഇരുക്ഷേത്രത്തിലെയും ആചാരസ്ഥാനികരുടെയും കമ്മിറ്റി ഭാരാവാഹികളുടെയും സാന്നിധ്യത്തിൽ ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായത്. അതിർത്തിത്തർക്കത്തെ തുടർന്നാണ് ഇരുക്ഷേത്രങ്ങളും നേരത്തെ വിരോധത്തിലായത്. ഇരു ക്ഷേത്രങ്ങളും നിലവിൽ പ്രവർത്തിക്കുന്നത് പോലെ തുടരുകയും പൂർവാചാരപ്രകാരം ഇരുക്ഷേത്രങ്ങളും പരസ്പരം നടത്തിവരാറുള്ള ചടങ്ങുകൾ തുടർന്ന് നടത്തുകയും ചെയ്യും.

Content Highlights: Two temples in Cheruvathur have resumed their traditional ritual procession after resolving a 38-year-long border dispute.