ചികിത്സയില്ല; മരുന്നും

#ഇ.വി. ജയകൃഷ്ണൻ
.
.

എൻഡോസൾഫാൻ ദുരിതബാധിതരായവർക്ക് സൗജന്യ ചികിത്സയും മരുന്നും. കിടപ്പുരോഗികളാണെങ്കിൽ ആസ്പത്രിയിലെത്തിക്കാൻ വാഹനവും. നാടിന്റെ നിരന്തര നിലവിളിക്കും കെട്ടടങ്ങാത്ത സമരത്തിനും മുന്നിൽ മാറി മാറി വന്ന സർക്കാരുകൾക്ക് ചെയ്യേണ്ടിവന്നതാണ് ഈ ആനുകൂല്യങ്ങളൊക്കെ. എപ്പോഴാണ് ശബ്ദം കുറയുന്നത് അപ്പോഴൊക്കെ അധികാരികൾ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ആനൂകൂല്യത്തിനുമേൽ കൈവയ്ക്കാറുണ്ട്.

ചികിത്സയില്ലാതായിട്ട് മാസങ്ങളായി. സൗജന്യ മരുന്നില്ല. ചികിത്സ കൃത്യമായി നൽകാത്തതിനാൽ കിടപ്പുരോഗികൾക്കു മുന്നിൽ വാഹനവുമെത്തുന്നില്ല. ആഹാരം വായിലിട്ട് ചവച്ചശേഷം അതെടുത്ത് മക്കൾക്ക് കൊടുക്കുന്ന അമ്മമാരെ കണ്ടവരാരും ആ ആനുകൂല്യത്തിനുമേൽ കൈവയ്ക്കില്ല.

എൻഡോസൾഫാൻ ദുരിതബാധിതരിൽ മിക്കവരും അപസ്മാരം പിടിപെടുന്നവരാണ്. മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കും. അപസ്മാരമുണ്ടായാൽപ്പിന്നെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കേണ്ട ദുരവസ്ഥ. ആ ഗതി വരാതിരിക്കാൻ കടം വാങ്ങിയെങ്കിലും മരുന്നുവാങ്ങും.

മരുന്ന് കഴിച്ചില്ലെങ്കിൽ അപസ്മാരം പിടിപെടുന്ന, ശരീരം നീര് വയ്ക്കുന്ന, തൊലിപൊട്ടുന്ന രോഗികളെ കാണാൻ എൻമകജെയിലേക്കോ കർണാടക അതിർത്തി ഗ്രാമങ്ങളിലേക്കോ എത്തണമെന്നില്ല. ദേശീയപാതയോരത്തുള്ള വീടുകളിലേക്ക് ഒന്നെത്തി നോക്കിയാൽ മതി. പിലിക്കോട് പടുവളത്തെ വിഷ്ണുവിന് 23 വയസ്സുണ്ട്. അവനെ പിടിച്ചുനടത്താൻ 58 വയസ്സുള്ള അമ്മ അംബികയും 78 വയസ്സുള്ള അമ്മൂമ്മ കാർത്യായനിയും പാടുപെടുന്നത് മാത്രം കണ്ടാൽ മതി, ആ ആനുകൂല്യത്തിനുമേൽ കൈവയ്ക്കാൻ തോന്നില്ല.

വിഷ്ണുവിന്റെ അച്ഛൻ പ്രഭാകരന് തുന്നൽപ്പണിയെടുത്ത് കിട്ടുന്ന കാശ് വീട്ടുചെലവിന് പോലും തികയില്ല. കാർത്യായനിക്ക് മുട്ടുവേദനയും വാർധക്യസഹജമായ അസുഖങ്ങളുമുണ്ട്. അംബികയ്ക്ക് സന്ധിവാതവും. ചികിത്സയ്ക്ക് മാത്രം വേണം വലിയൊരു തുക. നിത്യജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുന്നതിനിടെ ചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്നത് ഇവരോടുള്ള വലിയ ക്രൂരതയാണ്. ഇത്തരത്തിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ പലഭാഗത്തുമുള്ളത്.

1031 പേർ ഇപ്പോഴും പുറത്താണ്

:മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് രോഗബാധിതരെന്നു ബോധ്യപ്പെട്ടിട്ടും 1031 പേരെ ഇപ്പോഴും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2017 ഏപ്രിൽ അഞ്ചുമുതൽ ഒൻപതുവരെയായിരുന്നു ഒടുവിലത്തെ മെഡിക്കൽ ക്യാമ്പ് നടന്നത്. ഏഴായിരത്തോളം അപേക്ഷകരുണ്ടായിരുന്നു.

4500 പേർക്കാണ് പ്രവേശനം കിട്ടിയത്. അതേസമയം മുൻ വർഷങ്ങളിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും സങ്കേതിക കാരണങ്ങളാലും മറ്റും പട്ടികയിലിടം കിട്ടാതെ പോകുകയും ചെയ്തവർക്ക് 2017-ലെ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായില്ല.

മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം ഹർത്താലായിരുന്നു. പ്രവേശനം കിട്ടിയ മുഴുവൻപേർക്കും പങ്കെടുക്കാനായില്ല. പങ്കെടുത്തവരിൽ 1905 പേർ ദുരിതബാധിതരെന്നായിരുന്നു കണ്ടെത്തൽ. അത്രയെങ്കിൽ അത്രയെന്ന് ആശ്വസിച്ച് നിൽക്കുന്നിടത്താണ് സർക്കാരിന്റെ അന്തിമപട്ടികയെത്തുന്നത്. അതിൽ ആകെ ഉൾക്കൊള്ളിച്ചത് 287 പേരെ.

അമ്മമാർ സമരത്തിനിറങ്ങിയതോടെ സർക്കാർ പാതി കനിഞ്ഞു. 76 കുട്ടികൾ ഉൾപ്പെടെ 587 പേരെക്കൂടി ഉൾപ്പെടുത്തി. ബാക്കിയുള്ള 1031 പേരെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം കനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി.

(തുടരും)

Content Highlights: kasargod endosulfan