പൊട്ടിപ്പൊളിഞ്ഞ് പെരുന്താനം-നാനാനിപൊയിൽ റോഡ്

തകര്‍ന്ന് കിടക്കുന്ന പെരുന്താനം - നാനാനിപൊയില്‍ റോഡ്.
തകര്‍ന്ന് കിടക്കുന്ന പെരുന്താനം - നാനാനിപൊയില്‍ റോഡ്.

കേളകം: പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ പെരുന്താനം-നാനാനിപൊയിൽ റോഡ് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ടാറിങ് ഇളകിമാറി കുഴികൾ രൂപപ്പെട്ട കിടക്കുന്ന റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ ഇരുചക്രവാഹനയാത്രക്കാരെയാണ് ഏറെ വലയ്ക്കുന്നത്. രണ്ട് കിലോമീറ്റർ നീളമുളള റോഡിന്റെ ഇരുവശത്തും നിരവധി വീടുകളാണുളളത്. ഈ വഴിയിലൂടെയാണ് പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ടൗണിലേക്ക് പോകുന്നത്. റോഡിന്റെ തകർച്ച അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോകേണ്ടവർക്കും പ്രായമായവർക്കും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പ്രധാന പാതകളിൽ നിന്ന് വാഹനങ്ങൾ ഈ റോഡിലൂടെ വഴിതിരിച്ചുവിടാറുണ്ട്. ഉത്സവകാലത്ത് ഏറെ പ്രയോജനകരായ പാതയാണ് ഏറെ നാളായി തകർന്നുകിടക്കുന്നത്.

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ ഇടുന്നതിനായി വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതോടെ റോഡ് തരിപ്പണമായെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പിടലും കൃത്യമായ അറ്റുകുറ്റപ്പണികളും നടത്താതെ വന്നതോടെ റോഡ് പാടേ തകർന്നുപോയെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരായി നൽകിയിട്ടും റോഡിന്റെ ശോചനീയമായ അവസ്ഥയ്ക്ക് മാറ്റം ഒന്നുമുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പരാതി പറയുന്നത്.

Content Highlights: The damaged Perunthanam-Nananipoyil road in Kelakam causes severe hardship to local commuters and hospital-bound patients.