പരിക്കേറ്റ വിറയൻ പുള്ളിന് രക്ഷകനായി ആന്റണി

പരിക്കേറ്റ വിറയൻ പുള്ളിന് മരുന്ന് വച്ച് പറത്തി വിടുന്ന ആന്റണി
പരിക്കേറ്റ വിറയൻ പുള്ളിന് മരുന്ന് വച്ച് പറത്തി വിടുന്ന ആന്റണി

നടുവിൽ: വനത്തിലെ ഡ്യൂട്ടിക്കിടയിൽ തനിക്ക് കൊണ്ടുവരുന്ന ആഹാരത്തിന്റെ ഒരു പങ്ക് കൊടുത്ത് ആന്റണി മേനോൻപറമ്പിൽ മെരുക്കിയെടുത്തതാണ് നാല് കാട്ടുകാടകളെ. പൈതൽമലയിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം വാച്ചറാണ് ആന്റണി. സന്ദർശകരില്ലാത്ത ഒഴിഞ്ഞ സമയങ്ങളിൽ വാച്ച് ടവറിൽ കൂട്ടുകൂടാനെത്താറുണ്ട് കാടകൾ. പക്ഷികളുമായുള്ള കൂട്ട് ദൃഢമായി വരുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഒരു വിറയൻ പുള്ള് (Common Kestrel)

അതിവേഗമെത്തി കാടകളിലൊന്നിനെ റാഞ്ചി. ആന്റണി ഓടിയെത്തുമ്പോഴേക്കും പുള്ള് മേലോട്ടുയർന്നു കഴിഞ്ഞിരുന്നു. തിരക്കിട്ട് പറക്കുന്നതിനിടയിൽ അതിന്റെ ചിറക് വാച്ച് ടവറിന്റെ പടിയിലെ കമ്പിയിൽ തട്ടി. കുറേ അകലെ ചെന്ന് വിറയൻ പുള്ള് വീണ് പിടച്ചു. ആന്റണി എത്തുമ്പോൾ കാട ചത്തിരുന്നു. പുള്ളിന്റെ മുറിവേറ്റ ചിറകിൽ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നുള്ള മരുന്നെടുത്ത് പുരട്ടി. ഏതാണ്ട് ഒരു മണിക്കൂർ വിശ്രമിച്ചപ്പോഴേക്കും പുള്ളിന്റെ ക്ഷീണം മാറി. ആന്റണിയും സന്ദർശകരും ചേർന്ന് പുള്ളിനെ സാവധാനം കൈയിൽ നിന്നും വിട്ടു. പുള്ള് അതിവേഗം പറന്ന് കണ്ണിൽ നിന്ന് മറയുകയും ചെയ്തു.

10 വർഷത്തിലധികമായി വനം വകുപ്പിന്റെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് ആന്റണി. കുടിയാന്മല സ്വദേശിയാണ്. ദിവസം 16 കിലോമീറ്ററോളം നടന്നാണ് ഇദ്ദേഹം ഡ്യൂട്ടിക്കെത്തുന്നത്. പൈതൽ മലയുടെ മുകളിൽ എത്തുന്നവർക്ക് വഴികാട്ടിയും ഗൈഡുമാണ് ആന്റണി.

Content Highlights: Paithalmala eco-tourism watcher Antony Menonparambil rescued an injured common kestrel, provided first aid, and released it back into the wild.