തലശ്ശേരി അതിരൂപതാംഗങ്ങളായ വൈദികരുടെ കുടുംബസംഗമം

ചെമ്പേരി : തലശ്ശേരി അതിരൂപതാംഗങ്ങളായ വൈദികരുടെ കുടുംബസംഗമം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ സമഗ്ര പുരോഗതിക്ക്‌ നിർണായക പങ്ക് വഹിച്ചവരാണ് വൈദികരെന്നും കഠിനാധ്വാനികളായ വൈദികരെ തലശ്ശേരി അതിരുപതയ്ക്ക്‌ നൽകിയ മാതാപിതാക്കളോടും സഹോദരങ്ങളോടും തലശ്ശേരി അതിരൂപതയ്ക്ക് കടപ്പാടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. അതിരൂപത ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, വികാരി ജനറൽമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, പ്രൊക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ചെമ്പേരി ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സേവ്യർ കളരിമുറി, ലിസ്സി മാത്യു മണ്ണൂർ എന്നിവർ സംസാരിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നടന്നു. 225 വൈദികരും 650 കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.