മമ്മാക്കുന്ന് പാലത്തിന് സമീപം മാലിന്യം കുമിയുന്നു

ധർമടം : മേലൂർ മമ്മാക്കുന്ന് പാലത്തിന് സമീപം കാടുമൂടിയ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. നടപടി സ്വീകരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവം മാലിന്യം തള്ളാൻ കാരണമാകുന്നു. രാത്രിയാകുന്നതോടെ വിജനമാകുന്ന ഈ ഭാഗങ്ങൾ മാലിന്യം ഇടാനുള്ള ഇടമായി മാറിയിരിക്കുകയാണ്. ഭക്ഷണാവശിഷ്ടം ഉൾപ്പെടെ ഇവിടെ തള്ളുന്നതിനാൽ വലിയ ദുർഗന്ധമാണ്. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ കഴിയില്ലെന്ന സ്ഥിതിയാണ്.
മമ്മാക്കുന്ന് പാലം മുതൽ മേലൂർ കവല വരെയുള്ള 100 മീറ്ററിലധികം ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരമാണ്. ചുറ്റുഭാഗവും കാടുപിടിച്ചുകിടക്കുന്നതിനാലും രാത്രിയിൽ ആൾപ്പെരുമാറ്റം കുറവായതിനാലും ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം വലിച്ചെറിയുകയാണ്. റോഡിന്റെ ഒരുഭാഗം താഴ്ചയും മറുഭാഗം കാടുമൂടിയതുമായതിനാൽ ഒറ്റനോട്ടത്തിൽ മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപ്പെടില്ല. എന്നാൽ, റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ മാലിന്യം കുന്നുകൂടിയത് കാണാം. ഇവിടങ്ങളിൽ തെരുവുവിളക്കുകളോ നിരീക്ഷണ ക്യാമറകളോ ഇല്ലാത്തതിനാൽ മാലിന്യവുമായി വാഹനങ്ങളിലെത്തുന്നവർക്ക് സൗകര്യപൂർവം വലിച്ചെറിയാനുള്ള സാഹചര്യം നിലവിലുണ്ട്.
ഒരോ പഞ്ചായത്തിലും ഹരിതകർമസേനാ സംവിധാനം നിലനിൽക്കെയാണ് വീടുകളിൽനിന്നും കടകളിൽനിന്നുമുള്ള ജൈവ-അജൈവ മാലിന്യമടക്കം ഇത്തരത്തിൽ റോഡിലേക്ക് തള്ളുന്നത്. ക്യാമറകൾ സ്ഥാപിക്കുകയും പോലീസ് പട്രോളിങ് സംവിധാനം നടപ്പാക്കുകയും ചെയ്താൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാനും കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
മാലിന്യസംസ്കരണം പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ അത് നിറവേറ്റുന്നതിൽ അധികൃതർ നിസ്സംഗത കാണിക്കുകയാണ്. മേലൂർ പാർക്കിലെ സമൂഹവിരുദ്ധരുടെ ശല്യവും ആളൊഴിഞ്ഞ പ്രദേശങ്ങൾ കാടുകയറുന്നതും മാലിന്യം തള്ളലും ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ പഞ്ചായത്ത് അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം.