ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം വിളംബരജാഥ

തലശ്ശേരി : തലശ്ശേരിയിൽ 10,11 തീയതികളിൽ നടക്കുന്ന ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശവുമായി മുത്തുക്കുടയും വനിതാ ശിങ്കാരിമേളവുമായി തലശ്ശേരിയിൽ വിളംബരജാഥ നടത്തി. അഭിഭാഷകരും സംഘാടകസമിതി ഭാരവാഹികളും അണിനിരന്ന ജാഥ പഴയ ബസ്‌സ്റ്റാൻഡിൽ നിന്ന് തുടങ്ങി കോടതിപരിസരത്തെ സെൻറിനറി പാർക്കിൽ സമാപിച്ചു.
സാംസ്കാരിക സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. സി.കെ.രമേശൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഗായത്രി വർഷ വിശിഷ്ടാതിഥിയായി. പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ, അഡ്വ. ടി.വി.അജയകുമാർ, ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വിശ്വൻ, ടി.കെ.ഷൈമ എന്നിവർ സംസാരിച്ചു. കാരായി രാജൻ എം.എൽ.എ, സംഘാടകസമിതി ചെയർമാൻ എ.എൻ.ഷംസീർ, ടി.അശോക്‌കുമാർ എം.എൽ.എ, പി.ശശി, ലോയേഴ്‌സ് യൂനിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ.വിജയകുമാർ, ദേശീയ കൗൺസിൽ അംഗം എം.സി.രാമചന്ദ്രൻ, പ്രീതി പറമ്പത്ത് എന്നിവർ പങ്കെടുത്തു.
കണ്ണൂർ ജവാഹർ ലൈബ്രറിയിൽ വെള്ളിയാഴ്ച ഭരണഘടനാ സെമിനാറിൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. ജി.മോഹൻ ഗോപാൽ വിഷയം അവതരിപ്പിക്കും. തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം ശനിയാഴ്ച രാവിലെ സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എം.ജോസഫ് ഉദ്‌ഘാടനം ചെയ്യും.
തെരുവിന്റെ വിളി കേൾക്കാതെ പോകരുത് -മുരുകൻ കാട്ടാക്കട
പ്രതീക്ഷ നൽകുന്ന ചില ചലനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എല്ലാവരെയും തെരുവുകൾ വിളിക്കുന്ന കാലമാണിതെന്നും കവി മുരുകൻ കാട്ടാക്കട പറഞ്ഞു. സാംസ്കാരികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ എങ്ങനെയാണ് പോരാടേണ്ടതെന്ന് കുട്ടികൾ കാട്ടിത്തരികയാണ്. അവർ പുതിയ പോർമുഖം തുറക്കുകയാണ്. പോരാട്ടത്തിനൊപ്പം അണിചേരാൻ സമൂഹത്തെ തെരുവുകൾ ക്ഷണിക്കുകയാണ്. വിദ്യാഭ്യാസത്തിലേക്കടക്കം ഫാസിസം കടന്നുവരികയാണ്. മുരുകൻ കാട്ടാക്കട പറഞ്ഞു.