പെരിങ്ങാടി റെയിൽവേ മേൽപ്പാലം -ഷാഫി പറമ്പിലിന് നിവേദനം നൽകി

ന്യൂമാഹി : രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിങ്ങിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന് ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് അർജുൻ പവിത്രൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പി. ക്ക് നിവേദനം നൽകി.

തലശ്ശേരിയിലെത്തിയ എം.പി. ക്ക് നിവേദനം നൽകുകയും വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷർമിരാജ്, പഞ്ചായത്ത് അംഗങ്ങളായ ടി.എച്ച്. അസ്‌ലം, ശഹദിയ മധുരിമ, മുൻ പഞ്ചായത്ത് അംഗം പി.സി. റിസാൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

വിഷയത്തിൽ അനുകൂല ഇടപെടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ ഉറപ്പുനൽകി. പെരിങ്ങാടി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ ഏറ്റവും വലിയ ജനകീയപ്രശ്നമായി മാറിയതിനെ തുടർന്ന് കഴിഞ്ഞമാസം ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയകൺവെൻഷൻ നടത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് അർജുൻ പവിത്രൻ ചെയർമാനായും പഞ്ചായത്ത് അംഗം ടി.എച്ച്. അസ്‌ലം ജനറൽ കൺവീനറായും കർമ്മസമിതി പ്രവർത്തിക്കുന്നുണ്ട്. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും റെയിൽവേ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.