മാസം 950 രൂപ വാടക; നൂറ്റാണ്ടുകഴിഞ്ഞിട്ടും സ്കൂൾ വാടകക്കെട്ടിടത്തിൽ

പാപ്പിനിശ്ശേരി : നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടായിട്ടും 950 രൂപയുടെ മാസവാടകയിൽ കുട്ടികളെ പഠിപ്പിക്കുകയാണ് പാപ്പിനിശ്ശേരി ജി.എം.എൽ.പി. സ്കൂൾ. എഴുപതുവർഷമായി പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്‌ലാം സംഘത്തിന്റെ 34 സെന്റും കെട്ടിടവുമാണ് ഈ സർക്കാർ വിദ്യാലയത്തിന്റെ വിലാസം. 2003 ഏപ്രിൽ ഒന്നിനാണ് 950 രൂപയായി വാടക പുതുക്കിയത്. 555 രൂപയായിരുന്നു അതിനുമുൻപ്. പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്താണ് വാടകനൽകുന്നത്. 110 വർഷം പഴക്കമുള്ള സ്കൂളിന് സ്വന്തമായൊരു കെട്ടിടമുണ്ടാക്കാൻ ഇത്രയും കാലമായിട്ടും ആർക്കും കഴിയാതെ വന്നതോടെയാണ് സ്കൂൾമുത്തശ്ശിക്ക്‌ നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലൊതുങ്ങേണ്ടിവന്നത്.

1917-ലാണ് സ്കൂൾ തുടങ്ങിയത്. പാപ്പിനിശ്ശേരിയിലെ ഏറ്റവും പഴക്കമുള്ള മദ്രസയാണ് സ്കൂളായി മാറിയത്. പൊതുവിദ്യാലയമായി മാറിയ ആദ്യകാലത്ത് സ്കൂൾ രക്ഷാർതൃസമിതിയാണ് അധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി താലൂക്ക് ബോർഡും സംസ്ഥാനസർക്കാരും ഏറ്റെടുത്തു. ആദ്യം പാപ്പിനിശ്ശേരി യത്തീംഖാനയ്ക്ക് സമീപത്തെ ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ 70 വർഷം മുൻപാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. 18-ാം വാർഡിലെ അങ്കണവാടിയും ഈ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 20 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

കെട്ടിടത്തിന്റെ കാലപ്പഴക്കവും ആകർഷണമില്ലായ്മയും അടിസ്ഥാനസൗകര്യങ്ങളുടെ വലിയ കുറവുമാണ് സ്കൂളിൽനിന്ന് കുട്ടികളെ അകറ്റിയത്. സ്വന്തമായി കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ സ്കൂളിന്റെ നിലനിൽപ്പ് വലിയ ഭീഷണിയിലാണെന്ന് സ്കൂൾ വികസനസമിതി കൺവീനർ കെ. സുരേഷ് പൊതുവാൾ പറഞ്ഞു. സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്ന് കാലങ്ങളായി സ്കൂൾ വികസനസമിതിയും പി.ടി.എ. കമ്മിറ്റിയും ആവശ്യപ്പെടുന്നുണ്ട്.

കെ.എം. ഷാജി എം.എൽ.എ. ആയിരുന്നപ്പോൾ സ്ഥലം വാങ്ങാൻ ശ്രമിച്ചിരുന്നു. അവസാനം കെ.വി. സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിലും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്കൂൾ കെട്ടിടത്തിന്റെ ഉടമകളായ ഹിദായത്തുൽ ഇസ്‌ലാം സംഘവും പുതിയ സ്ഥലവും കെട്ടിടവും നിർമിക്കാൻ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നുവെങ്കിലും അതും ഫലവത്തായില്ല. ദുർബലവിഭാഗങ്ങളാണ് സ്കൂളിന് സമീപത്തുള്ളതെന്നും വിദ്യാലയം ഇല്ലാതായാൽ അവിടത്തെ വിദ്യാർഥികളുടെ പ്രാഥമികവിദ്യാഭ്യാസത്തിന് പോലും വലിയ വെല്ലുവിളിയാകുമെന്നും സുരേഷ് പൊതുവാൾ പറഞ്ഞു.