പാനൂരിലെ ഗതാഗതക്കുരുക്ക്; വരണം റിങ് റോഡുകൾ

പാനൂർ : രൂക്ഷമായ ഗതാഗതക്കുരുക്ക്, കാൽനടയാത്ര പോലും പ്രയാസകരമായ ടൗൺ, സ്ഥിരമായ പാർക്കിങ് സൗകര്യമില്ലാതെ ഉഴലുന്ന ഓട്ടോ, ടാക്സികൾ, ഉപഭോക്താക്കൾക്ക്‌ വാഹനം നിർത്താൻ സൗകര്യമില്ലാത്തതിനാൽ വ്യാപാരമാന്ദ്യം അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ ഇതൊക്കെയാണ് പാനൂരിലെ കാഴ്ചകൾ.

കൃത്യസമയത്ത് ലക്ഷ്യത്തിലെത്താൻ പാടുപെടുന്ന ബസ് ഡ്രൈവർമാരും യാത്രക്കാരും കൂടിയാവുമ്പോൾ പാനൂർ ടൗണിലെ കുരുക്കിന്റെ പൂർണരൂപമാവും.

താരതമ്യേന വീതി കുറഞ്ഞ റോഡുകളുടെ വികസനം എന്ന് യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ചുപറയാൻ പറ്റാത്ത അവസ്ഥയാണ്. പരിഹാരം കാണാൻ ഗതാഗതപരിഷ്കരണം ഒരുപാട് തവണ പരീക്ഷിച്ചു. പലവിധ കാരണങ്ങളാൽ ഒന്നിനും ദീർഘായുസ്സുണ്ടായില്ല. ഒടുവിൽ പാനൂർ നാൽക്കവലയിൽ സിഗ്നലും സ്ഥാപിച്ചു. ഇതും പരിഹാരമാവാതെ വന്നതോടെ അതിന്റെ പ്രവർത്തനവും നിർത്തി. ഒടുവിൽ പ്രഖ്യാപിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള റോഡ് വികസനവും അനിശ്ചിതത്വത്തിലാണിപ്പോൾ. ഇത്തരമൊരവസ്ഥയിലാണ് ടൗണിനെ ചുറ്റിയുള്ള റിങ് റോഡുകളുടെ വീതി കൂട്ടലും നവീകരണവും വീണ്ടും ചർച്ചയാകുന്നത്.

പാനൂർ ടൗണിൽനിന്ന് നാലുഭാഗങ്ങളിലുമുള്ള റോഡുകളുമായി ബന്ധപ്പെടുന്ന റോഡുകൾ നവീകരണം നടത്തിയാൽ ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായമാകുമെന്നാണ് പൊതു അഭിപ്രായം. ഈ കാര്യത്തിൽ അധികൃതർ പുലർത്തുന്ന നിസംഗത പ്രതിഷേധത്തിനിടയാക്കുന്നു. ശ്രീനാരായണ സോമിൽ-കിഴക്കെ പാനൂർ ശ്രീനാരായണമഠം കിഴക്കെ മൊകേരി വയൽഭാഗം-കിഴക്കെമൊകേരി ലിങ്ക് റോഡ് പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ പാറാട് ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങളെ പാനൂർ ടൗണിലേക്ക് കടത്താതെ ഈ റോഡിലൂടെ വിട്ടാൽ വലിയൊരളവ് വരെ ഗതാഗതക്കുരുക്കിന് ശമനമാകും. മൊകേരി പഞ്ചായത്തിൽപ്പെടുന്ന ഭാഗം കെ.പി. മോഹനൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്തിട്ട് രണ്ടുവർഷത്തോളമായി. പാനൂർ നഗരസഭ പരിധിയിൽ നാലരമീറ്റർ വീതിയിൽ 430 മീറ്റർ ദൈർഘ്യമുള്ള കിഴക്കയിൽ-പുഞ്ചക്കമാനം

റോഡ് നാട്ടുകാരുടെ കൂട്ടായ്മയിലാണ് നിർമിച്ചത്. പുഞ്ചക്കമാനത്തും മോരൻറവിട താഴെയും ഓവുപാലം പണിയേണ്ടതുണ്ട്.ഈ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൃഷിനാശത്തിനും ജലം മലിനമാകാനും ഇടയാക്കുന്നതായി പരാതി വേറെയുമുണ്ട്.

ആറുകിലോമീറ്റർ വരുന്ന അക്കാനിശ്ശേരി-മാക്കൂൽ പീടിക-കൂറ്റേരി-ഭാസ്കരൻവൈദ്യർ പീടിക-എലാങ്കോട്-പൂക്കോം പഴശ്ശി കനാൽ റോഡും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായകമായ മറ്റൊരു പ്രധാന റോഡാണ്. മറ്റു പ്രധാന റിങ് റോഡുകളായ കെ.പി.എ. റഹിം ബസ്‌സ്റ്റാൻഡ്-ബൈപ്പാസ് റോഡ്, കെ.എസ്.ഇ.ബി.-പാനൂർ വെസ്റ്റ് യു.പി. സ്കൂൾ റോഡ്,പി.കെ. മുക്ക്, തെക്കെ പാനൂർ റോഡ്, നജാത്തുൽ-പാനൂർ വെസ്റ്റ് യു.പി. സ്കൂൾ റോഡ് എന്നിങ്ങനെ ടൗണിനോടു ചേർന്നുനിൽക്കുന്ന റോഡുകൾ കഴിയാവുന്നത്ര വീതികൂട്ടി നവീകരിക്കാനാകണം. ടൗണിലെ ഗതാഗതക്കുരുക്കിന് വലിയ തോതിലുള്ള പരിഹാരത്തിന് റിങ് റോഡുകൾ സഹായകമാകും. എം.എൽ.എ.,

എം.പി. ഫണ്ടിൽനിന്ന് ആവശ്യമായ തുക കണ്ടെത്താൻ കക്ഷിരാഷ്ട്രീയത്തിനതീതമായ ഇടപെടലുകളാണ് വേണ്ടത്. 2015-ൽ പാനൂർ നഗരസഭ നിലവിൽവന്നപ്പോൾ ‘മാതൃഭൂമി’ നടത്തിയ ഫാസ്റ്റ് ഫോർവേഡ് സെമിനാറിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങളിലൊന്ന്റിങ് റോഡുകളുടെ നവീകരണമായിരുന്നു.