മാറണം മാതമംഗലം വീർപ്പുമുട്ടി ബസാർ

മാതമംഗലം : നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മലയോര ജനതയുടെ സിരാകേന്ദ്രം. ഒന്നരക്കിലോമീറ്റർ നീളത്തിൽ വരിവരിയായി കെട്ടിടങ്ങളും മലഞ്ചരക്ക് കച്ചവടസ്ഥാപനങ്ങളും ഒപ്പം വാഹനവ്യൂഹവും. ഉൾനാടുകളിൽനിന്നെത്തുന്ന ജനസമൂഹം. എന്നും നല്ല തിരക്ക് അനുഭവപ്പെടുന്ന മലയോര പട്ടണമാണ് മാതമംഗലം. എന്നാൽ, തിരക്കിന് അനുസരിച്ച് അടിസ്ഥാനസൗകര്യങ്ങളും കാലത്തിനൊത്ത മാറ്റങ്ങളുമില്ലാത്ത ടൗണിനെക്കുറിച്ച് ജനങ്ങൾക്ക് ഒന്നേ പറയാനുള്ളൂ, മാറണം മാതമംഗലം.
പുനിയങ്കോട് മുതൽ താറ്റ്യേരിവരെ ഒരുകിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് ‘മാതമംഗലം ബസാർ’ എന്ന ടൗൺ.
ഇരുവശത്തും നിരനിരയായ കെട്ടിടങ്ങൾക്ക് ഇടയിലൂടെയുള്ള ഇടുങ്ങിയ റോഡാണുള്ളത്. വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്ന ഈ ടൗണിൽ പതിറ്റാണ്ടുകളായുള്ള പ്രശ്നമാണ് ഗതാഗതക്കുരുക്ക്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുള്ള ടൗണാണിത്. വീതി കുറഞ്ഞ ടൗണിൽ മിക്കസമയവും ഗതാഗതസ്തംഭനമാണ്. തലങ്ങും വിലങ്ങും വാഹനങ്ങളും ഇതിനിടയിലൂടെയുള്ള ജനങ്ങളുടെ നടന്നുനീങ്ങലും ടൗണിലെ നിത്യകാഴ്ചയാണ്.
ബസ് കാത്തുനിൽപ്പ്
മഴയും വെയിലുമേറ്റ്
പാണപ്പുഴ റോഡ്, ബാങ്ക്, പഞ്ചായത്ത് ഓഫീസ്, സ്‌കൂൾ എന്നിവിടങ്ങളിലാണ് മാതമംഗലം ടൗണിലെ ബസ് സ്റ്റോപ്പുകൾ. ഇതിൽ ബാങ്ക് സ്റ്റോപ്പിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. മറ്റ് മൂന്നിടങ്ങളിലും തിരക്കേറിയ റോഡരികിൽ മഴയും വെയിലുമേറ്റ് യാത്രക്കാർ ബസ് കാത്ത് നിൽക്കണം.
ടൗണിലെ ഈ നാല് ബസ് സ്റ്റോപ്പുകളും ഇടുങ്ങിയ റോഡിൽ തന്നെയാണ്. ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുമ്പോൾ ഗതാഗതം സ്തംഭിച്ച് വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു.
മലഞ്ചരക്ക് വ്യാപാരകേന്ദ്രം
മാതമംഗലത്തെ മലഞ്ചരക്ക് വ്യാപാരത്തിന് ഈ മലയോര ടൗണിനോളം പഴക്കമുണ്ട്. റോഡും ഗതാഗതസൗകര്യവും വാഹനങ്ങളും ഇല്ലാത്ത കാലത്ത് ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് കർഷകർ ഉത്പന്നങ്ങൾ തലച്ചുമടായി മാതമംഗലത്ത് എത്തിച്ചാണ് വിൽക്കാറ്. ഉത്പന്നങ്ങൾ വിറ്റ് ഇവിടെനിന്ന് പരചരക്കുകൾ വാങ്ങി മടങ്ങും. ഈ മലഞ്ചരക്കുകൾ വ്യാപാരികൾ വണ്ണാത്തിപ്പുഴ വഴി തോണിയിൽ പെരുമ്പയിലേക്ക് കൊണ്ടുപോകും. 1964-ൽ വണ്ണാത്തിക്കടവ് പാലം വന്നതോടെ മാതമംഗലം മലഞ്ചരക്ക് വ്യാപാരത്തിൽ ജില്ലയിലെ പ്രധാന കേന്ദമായി.
ഇരുപതിലധികം മലഞ്ചരക്ക് കടകളുള്ള മാതമംഗലത്ത് ഉത്‌പന്നങ്ങളുമായി നിത്യേന നിരവധി വാഹനങ്ങൾ എത്തുന്നു. മലഞ്ചരക്ക് സംഭരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ലോറികൾ ഈ ഇടുങ്ങിയ റോഡിൽ നിർത്തിയാണ് ചരക്ക് കയറ്റേണ്ടിവരുന്നത്. അപ്പോഴും വൻ ഗതാഗതസ്തംഭനമുണ്ടാകുന്നു. മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ചരക്കെടുക്കാൻ നിരവധി നാഷണൽ പെർമിറ്റ് ലോറികൾ ഇവിടെയെത്തുന്നു. ഈ ലോറികളും ഉത്പന്നം വിൽക്കാനെത്തുന്നവരുടെ വാഹനങ്ങളും എല്ലാം ഈ ടൗണിൽ സൗകര്യക്കുറവിൽ വീർപ്പുമുട്ടുന്നു.
പാർക്കിങ് തലങ്ങും
വിലങ്ങുംസ്ഥലപരിമിതിയിൽ വിഷമിക്കുന്ന മാതമംഗലം ടൗണിൽ വാഹന പാർക്കിങിന് യാതൊരു ചിട്ടയുമില്ല. സ്വകാര്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എല്ലാം തോന്നിയ പോലെ നിർത്തിയിടുകയാണ്. ഇടുങ്ങിയ ടൗണിൽ പലയിടത്തും റോഡിൽ ഇവ നിർത്തിയിടുന്നത് ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ഓട്ടോ, ടാക്സി, ഗുഡ്‌സ് വാഹനങ്ങളും സ്റ്റാൻഡ് ഇല്ലാതെ വിഷമിക്കുകയാണ്.