വളവും തിരിവും കാടും; ഭീതിയേറും അഞ്ചരക്കണ്ടി-ചാലോട് റോഡ്‌ യാത്ര

അഞ്ചരക്കണ്ടി : കടുത്ത വളവുകൾ, കാടും മുൾപടർപ്പുകളും നിറഞ്ഞ അരികുകൾ, ഇതിനോട്‌ ചേർന്ന് അമ്പതടിവരെ താഴ്ചയുള്ള സ്ഥലങ്ങൾ. സുരക്ഷാമാർഗങ്ങളോ അരികുകളിൽ റിഫ്ലക്ടർ സ്ഥാപിച്ച കുറ്റികളോ വേണ്ടത്ര ഇല്ല. അഞ്ചരക്കണ്ടി-ചാലോട് പ്രധാന റോഡിലെ അവസ്ഥ ഇതാണ്.

കുഴിമ്പാലോട്ട്മെട്ട ദിനേശ് ബീഡി ബ്രാഞ്ചിനു സമീപമുള്ള ഭാഗത്ത് അടുത്തകാലത്തായി റോഡപകടങ്ങളും ഏറിവരികയാണ്. നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാറുമുണ്ട്. റോഡ് നിർമാണത്തിലെ അപാകവും സൂചനാ ബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ വേണ്ടത്ര ഇല്ലാത്തതും കാടുകയറിയ റോഡരികുകളും അപകടത്തിനു കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തലശ്ശേരിയിൽനിന്ന്‌ ശ്രീകണ്ഠപുരംവരെ നീളുന്ന മലയോര ഹൈവെയുടെ ഭാഗമാണ് റോഡ്. അഞ്ചരക്കണ്ടിമുതൽ പനയത്താംപറമ്പ് വരെയുള്ള ഭാഗത്തെ കടുത്ത വളവുകൾ ഭീതിനിറക്കുന്നതാണ്.

റോഡിന്റെ വളവുകളിൽ കാഴ്ചമറയ്ക്കുന്ന തരത്തിലാണ് കാടുകൾ തള്ളിനിൽക്കുന്നത്. വളവുകൾ നിറഞ്ഞ റോഡിൽ കുറച്ചുഭാഗത്ത് ഇതിനകം സുരക്ഷാവേലികളും സൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ ഇപ്പോൾ അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ വളവുകളിലും ഇത്തരം സുരക്ഷാവേലികൾ ഇല്ല.

എല്ലാ ഭാഗത്തും ഇവ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്‌ നടത്തിയതോടെ വാഹനങ്ങൾ അതിവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്.

അരികുകളിൽ റിഫ്ലക്ടർ ഇല്ലാത്തതിനാൽ വശങ്ങളിലെ താഴ്ചയിലേക്ക് രാത്രിസമയത്ത് വാഹനങ്ങൾ താഴെ വീണ് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. കാടുകൾ വെട്ടി നീക്കി അരികുകളിൽ സുരക്ഷാസൂചകങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലേക്ക് തള്ളിനിൽക്കുന്ന കാടുകൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.